Times Kerala

ഓണ്‍ലൈന്‍ പാചകമത്സരം; വിവാദങ്ങൾക്ക് മറുപടിയുമായി കേരള ടൂറിസം വകുപ്പ്

 
ഓണ്‍ലൈന്‍ പാചകമത്സരം; വിവാദങ്ങൾക്ക് മറുപടിയുമായി കേരള ടൂറിസം വകുപ്പ്

ഓണ്‍ലൈന്‍ പാചകമത്സരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ കേരള ടൂറിസം നടത്തുന്ന പ്രസ്താവന

അന്താരാഷ്ട്രതലത്തില്‍ തന്നെ ഏറ്റവും മികച്ച ട്രാവല്‍ വെബ്സൈറ്റുകളില്‍ ഒന്നാണ് കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralatourism.org. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ ഫലമായി പ്രതിവര്ഷം ഒരു കോടി ആളുകള്‍ കേരള ടൂറിസം വെബ്സൈറ്റില്‍ സന്ദര്‍ശനം നടത്തുന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ പ്രചാരണ പ്രവര്‍ത്തനങ്ങളുടെയെല്ലാം മുനയൊടിഞ്ഞു. കഷ്ടിച്ച് നാല്പതു ലക്ഷം പേരാണ് ഇക്കൊല്ലം ഇതുവരെ വെബ്സൈറ്റില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളത്. അത് വീണ്ടും കുറഞ്ഞ് പ്രതിമാസം രണ്ടര – മൂന്ന് ലക്ഷം എന്ന കണക്കിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്.

വിവിധ രാജ്യങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അവരുടെ ടൂറിസം പ്രചരണപ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ പുനരാരംഭിച്ച സാഹചര്യത്തില്‍ കേരളവും നമ്മുടെ ടൂറിസം രംഗത്തിനു ആവശ്യമായ പ്രചാരണം നല്‍കേണ്ട സാഹചര്യമാണ് ഇപ്പോള്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടൂറിസം വീണ്ടും പുനരാരംഭിക്കുന്ന സമയത്ത് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ ഭീമമായ ഒരു തിരിച്ചടി ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന് കണക്കുകൂട്ടുന്നു. ഈ പ്രതിസന്ധി തരണം ചെയ്യുവാനായി കേരളത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വയ്ക്കേണ്ടതുണ്ട്. ഈ സാമ്പത്തികവര്‍ഷത്തില്‍ വളരെക്കുറഞ്ഞരീതിയിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുവാനേ സര്‍ക്കാര്‍ മുതിര്‍ന്നിട്ടുള്ളൂ.

ഏറ്റവും കൂടുതല്‍ ആളുകള്‍ അവരവരുടെ വീടിനുള്ളില്‍ കഴിയുന്ന ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്യാമ്പയ്നുകളാണ് കൂടുതല്‍ ഫലപ്രദം എന്ന വിലയിരുത്തലിലാണ് വിനോദസഞ്ചാര വകുപ്പ് ഒരു മത്സരാധിഷ്ഠിത പ്രചാരണതന്ത്രമായി ‘ഇന്‍റര്‍നാഷണല്‍ ഓണ്‍ലൈന്‍ കോണ്ടെസ്റ്റ് ഓണ്‍ കേരള ക്യൂസിന്‍’ അവതരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്. കേരള ടൂറിസത്തിന്‍റെ വെബ്സൈറ്റിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ മത്സരം രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് കേരളത്തിന് പുറത്തുള്ള മലയാളികള്‍ ഒഴികെയുള്ള കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു മത്സരമാണ്. ഇതിലൂടെ അവര്‍ കേരളത്തിന്‍റെ ഭക്ഷണവുമായി പരിചയപ്പെടുകയാണ്.

വെബ്സൈറ്റ് സന്ദര്‍ശിക്കുന്ന ആളുകള്‍ അവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന നൂറ് കേരളീയഭക്ഷണങ്ങളുടെ പാചകവീഡിയോകള്‍ കാണണം. അതില്‍ നിന്നും അവര്‍ക്ക് ഇഷ്ടമുള്ള വീഡിയോ തിരഞ്ഞെടുത്ത് ആ വീഡിയോയില്‍ കാണുന്ന വിഭവം അവരുടെ വീട്ടില്‍ ഉണ്ടാക്കാം. അവര്‍ കേരളീയ ഭക്ഷണങ്ങള്‍ തയ്യാറാക്കുന്ന വീഡിയോകള്‍ കേരളടൂറിസം വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യുകയും അന്താരാഷ്ട്ര തലത്തില്‍ ഉള്ള ഒരു ജഡ്ജിംഗ് കമ്മിറ്റി പ്രസ്തുത വിഡിയോകള്‍ വിലയിരുത്തുകയും ചെയ്യും. ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍ പ്രധാനമായും ടൂറിസം മേഖലയിലും പാചകകലയിലും അറിയപ്പെടുന്ന, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളുകള്‍ ആയിരിക്കും. . അവരെ കേരളത്തില്‍ എത്തിച്ചാണ് മത്സരാര്‍ത്ഥികളെ വിലയിരുത്തുന്നത്. ഈ വിലയിരുത്തലിന് ശേഷം, ഏറ്റവും മികച്ച വിഡിയോകള്‍ തയ്യാറാക്കിയ പത്ത് പേരെയും അവരുടെ കുടുംബാംഗങ്ങളെയും (അതില്‍ അഞ്ച് കുടുംബങ്ങള്‍ ഇന്ത്യയ്ക്കുള്ളില്‍ നിന്നും അഞ്ച് കുടുംബങ്ങള്‍ വിദേശത്തു നിന്നുമായിരിക്കും) കേരളത്തില്‍ എത്തിക്കുകയും അവര്‍ കേരളം സന്ദര്‍ശിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഈ മത്സരത്തിലൂടെ മാത്രം കേരള ടൂറിസം വെബ്സൈറ്റില്‍ 30-40 ലക്ഷം പേരെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ക്യാംപെയ്നിനു വേണ്ടി വകയിരുത്തിയിട്ടുള്ള 3.32 കോടി രൂപയില്‍ 50 ലക്ഷം രൂപ ജി.എസ്.ടി. ആണ്. 70 ലക്ഷം രൂപ മത്സത്തിലെ വിജയികളായ പത്ത് കുടുംബങ്ങള്‍ക്കായി ടൂറിസം വകുപ്പ് നല്‍കുന്ന ഏഴ് ദിവസത്തെ കേരള സന്ദര്‍ശനത്തിനു വേണ്ടിയുള്ള ചെലവാണ്. സ്വദേശത്തുനിന്നും കേരളത്തിലേക്കും തിരികെയുമുള്ള വിമാനടിക്കറ്റ് ഇതില്‍ ഉള്‍പ്പെടുന്നു. മത്സരത്തിനുവേണ്ടി മൈക്രോ സൈറ്റ് തയ്യാറാക്കുക, 100 പാചകവിഡിയോകള്‍ നിര്‍മിക്കുക, മത്സരത്തിന്‍റെ ഭാഗമായി തയ്യാറാക്കുന്ന കേരളീയവിഭവങ്ങളെക്കുറിച്ചുള്ള ഇ -ബ്രോഷറുകള്‍ തയ്യാറാക്കാക്കുക, മത്സരത്തിന്‍റെ പ്രചാരണത്തിനായി മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പരസ്യപ്രചാരണം നടത്തുക തുടങ്ങിയ അവിഭാജ്യഘടകങ്ങള്‍ക്ക് വേണ്ടിയാണു ബാക്കി തുക വകയിരുത്തിയിട്ടുള്ളത് .

ഇതിനു മുമ്പ് ‘അന്താരാഷ്ട്ര ക്ലിന്‍റ് മെമ്മോറിയല് ഓണ്‍ലൈന്‍ പെയിന്‍റിംഗ് കോംപറ്റീഷന്’ നടത്തിയിരുന്നു. ആ സമയത്ത് കേരള ടൂറിസം വെബ്സൈറ്റിലേക്ക് വന്‍ തോതിലുള്ള സന്ദര്‍ശനം ഉണ്ടായി. അതിന് മാധ്യമങ്ങളും അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളും വലിയ പിന്തുണയും അംഗീകാരവും നല്‍കുകയുണ്ടായി. വളരെ പ്രത്യേകതയാര്‍ന്ന ആശയത്തിലൂന്നിയുള്ള പ്രചാരണതന്ത്രമായിരുന്നു അത്. അതിന്‍റെ ചുവട് പിടിച്ചാണ് ഇപ്പോള്‍ ഒരു പുതിയ ആശയം എന്നുള്ള നിലയില്‍ കേരളത്തില്‍ സന്ദര്‍ശകരെ എത്തിക്കുവാന്‍ ആണ് ഈ ഓണ്‍ലൈന്‍ പാചക മത്സരം നടത്തുന്നത്.

കേരളത്തിന്‍റെ തനതു വിഭവങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ വളരെയേറെ പ്രചാരം സിദ്ധിച്ചതാണ്. ടൂറിസം പ്രചാരണത്തിനായി ഇത് അനുകൂലമായി ഉപയോഗിക്കുക എന്ന ആശയത്തിന്‍റെ ഭാഗമായാണ് പാചകകല ഈ ക്യാമ്പയ്നിന്‍റെ തീം ആയി തെരെഞ്ഞെടുത്തത്.

Related Topics

Share this story