Nature

ലൈഫ് മിഷൻ: ഭവന നിർമ്മാണത്തിൽ സ്വതന്ത്ര ഇന്ത്യയിൽ നടന്ന ഏറ്റവും മികച്ച പ്രവർത്തനം-മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: 8068 കോടിരൂപയുടെ വീടുകളുടെ നിർമ്മാണം നാട്ടിൽ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞ ലൈഫ് മിഷൻ, ഭവന നിർമ്മാണ കാര്യത്തിൽ സ്വതന്ത്ര ഇന്ത്യയിൽ നടന്ന ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അർഹരായ മുഴുവൻ ഭവനരഹിതർക്കും വീട് നൽകുന്ന ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആലപ്പുഴ ജില്ലയില്‍ മണ്ണഞ്ചേരി, പള്ളിപ്പാട് ഭവന സമുച്ചയങ്ങളാണ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്.

ലൈഫ് മിഷൻ വഴി 101 ഭവന സമുച്ചയങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 12 എണ്ണത്തിന്റെ നിർമ്മാണം വളരെ വേഗം പുരോഗമിക്കുകയാണ്. ഇപ്പോൾ ഉദ്ഘാടനം ചെയ്ത 29 ഭവന സമുച്ചയങ്ങളുടെ നിർമാണം പൂർത്തിയാകുന്നതോടെ 1285 കുടുംബങ്ങൾക്ക് സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമാകും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഗുണഭോക്താക്കൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. കണ്ണൂരിൽ നാലും എറണാകുളം, കോഴിക്കോട്, കൊല്ലം ജില്ലകളിൽ മൂന്നും മറ്റു ജില്ലകളിൽ ഒന്നും രണ്ടും വീതം ഭവന സമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്. 181.22 കോടി രൂപ ചെലവഴിച്ച് ഒരു വർഷത്തിനുള്ളിൽ ഭവന സമുച്ചയങ്ങള്‍ പൂർത്തിയാക്കും.

സ്വന്തമായി വീടില്ലാത്ത ആരും സംസ്ഥാനത്ത് ഉണ്ടാകരുത് എന്നതാണ് ലൈഫ് പദ്ധതി വിഭാവനം ചെയ്യുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ മികച്ച പ്രവർത്തനമാണ് ഇക്കാര്യത്തിൽ കാഴ്ചവച്ചത്. ഇതുവരെ 2,26,518 കുടുംബങ്ങൾക്ക് ലൈഫ് മിഷന്‍ വഴി സ്വന്തം വീടുകളിലേക്ക് താമസം മാറ്റാനായി. ഒന്നരലക്ഷം വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ലൈഫ് മിഷന് ഒന്നാം ഘട്ടത്തിൽ 676 കോടി രൂപ ചെലവിട്ട് 52307 വീടുകളുടെ നിർമാണം പൂർത്തിയാക്കി. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരായ81840 ഗുണഭോക്താക്കൾക്ക് വീട് പൂര്‍ത്തിയാക്കി നൽകി. കേന്ദ്ര-സംസ്ഥാന പദ്ധതികളെ യോജിപ്പിച്ചും സര്‍ക്കാര്‍ വിഹിതവും വായ്പയും ചേര്‍ത്തും സന്മനസ്സുകളുടെ സഹകരണത്തോടെയുമാണ് ഇത്രയും ബൃഹത്തായ പദ്ധതി യാഥാര്‍ഥ്യമായത്. സഹകരണ വകുപ്പ്, പട്ടികജാതി പട്ടികവർഗ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയും കാര്യമായി മുന്നോട്ടുവന്ന് പ്രവര്‍ത്തിച്ചു. നിലവില്‍ സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത1,35,769 ഗുണഭോക്താക്കളെ വീടിന് അർഹരായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 1761 കുടുംബങ്ങൾക്ക് വീട് പൂർത്തീകരിച്ചു കഴിഞ്ഞു. പൈലറ്റ് പ്രോജക്ട് ആയി ഇടുക്കി അടിമാലിയിൽ സമുച്ചയ നിര്‍മാണം പൂര്‍ത്തിയാക്കി അടിമാലി പഞ്ചായത്തിന് കൈമാറിക്കഴിഞ്ഞു. 163 ഗുണഭോക്താക്കള്‍ ഇവിടെ താമസമാക്കി. ലൈഫ് മിഷനെതിരെയുള്ള ആരോപണങ്ങൾ ഭയന്നു ജനോപകാരപ്രദമായ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല. ചിലർ ലൈഫ് മിഷൻ പദ്ധതിയെ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുന്നു. ലൈഫിനെതിരെ കാര്യമായ നുണപ്രചരണങ്ങളും നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്കായി മണ്ണഞ്ചേരി കണ്ണാട്ടുകടവിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പാർപ്പിട പ്രശ്നം ശാശ്വതമായി പരിഹരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.

നാലോ അഞ്ചോ ലക്ഷം വീടുകൾ കൂടി നിർമ്മിച്ചു കഴിഞ്ഞാൽ സംസ്ഥാനത്തെ പാർപ്പിട പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കേവലം കെട്ടിടസമുച്ചയം ഉണ്ടാക്കുക മാത്രമല്ല ജനങ്ങൾക്കുള്ള ജീവിതസാഹചര്യം കൂടി സർക്കാർ ഒരുക്കി നൽകുകയാണെന്നും മന്ത്രി പറഞ്ഞു. വന്‍പിച്ച ജന പങ്കാളിത്തം ഈ ബൃഹത്തായ പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണെന്നും അതിന് എല്ലാവരും സഹകരിക്കണമെന്നും പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ സന്ദേശത്തില്‍ പറഞ്ഞു. എ.എം. ആരിഫ് എം. പി ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഭവന സമുച്ചയത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ലൈഫ്മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പി.ഉദയസിംഹൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ് അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി എ ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാർ, ലൈഫ് പ്രോജക്ട് ഡയറക്ടർ എ. പ്രദീപ് കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

നാല് നിലകളിലായി 28 ഫ്ലാറ്റുകളാണ് മണ്ണഞ്ചേരിയിൽ നിർമ്മിക്കുന്നത്. 54 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം. 445 ചതു. അടി വിസ്തീർണത്തിൽ നിർമിക്കുന്ന ഓരോ ഫ്ലാറ്റിലും രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നിങ്ങനെയാണ് ഉണ്ടാകുക. 4.75 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായുള്ള മിറ്റ്സുമി ഹൗസിങ് ലിമിറ്റഡ് ആണ്.സമുച്ചയത്തിന്റെ ഭാഗമായി മുതിർന്നവർക്കുള്ള പ്രത്യേക മുറി,സിക്ക് റൂം, കോമൺ ഫെസിലിറ്റി റൂം, റെക്രീയേഷൻ റൂം, ഇലക്ട്രിക്കൽ റൂം, മലിനജല ശുചീകരണ പ്ലാന്റ്, സൗരോർജ സംവിധാനം എന്നിവ ഉണ്ടായിരിക്കും. ലൈഫ് മിഷനിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഒന്നാംഘട്ടത്തിലായി 53 വീടുകളും രണ്ടാംഘട്ടത്തിൽ ഏറ്റെടുത്ത 382 വീടുകളിൽ 350 വീടുകളും ഇതുവരെ പൂർത്തീകരിച്ചിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.