Nature

മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമെന്ന് ചെന്നിത്തല; ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണം

ലൈഫ് മിഷൻ സിബിഐയുടെ കേസില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെയും തദേശവകുപ്പ് മന്ത്രിയെയും സിബിഐ ചോദ്യം ചെയ്യുന്ന അവസ്ഥയായി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടങ്ങി. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ ഒന്നാം പ്രതിയായ കേസില്‍ വിദേശസഹായ നിയന്ത്രണചട്ട ലംഘനമാണ് സിബിഐ കേസെടുത്തിരിക്കുന്നത്. സന്തോഷ് ഈപ്പന്റെ ഓഫീസിലും വീട്ടിലും സിബിഐ സംഘം പരിശോധന നടത്തി.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് പരിശോധനയ്ക്ക് മുകളിലൂടെയാണ് ഇപ്പോള്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണമെത്തുന്നത്. വിദേശ സഹായ നിയന്ത്രണച്ചട്ട ലംഘനം കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വഷണം ചട്ടം 35ന് അടിസ്ഥാനമാക്കിയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്താണ് എഫ്ഐആര്‍. വിദേശ ഏജന്‍സികളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ നിയമപരമല്ലാതെ സാമ്പത്തിക സഹായം കൈപ്പറ്റുന്നതില്‍ നിന്ന് വ്യക്തികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും വിലക്കുന്നതാണ് ചട്ടം. ഇത്തരം ഇടപാടുകള്‍ക്ക് ഇട നിലനില്‍ക്കുന്നവര്‍ക്കും ഈ വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

ലൈഫ് മിഷന്‍ ഇടപാടില്‍ യുണിടെക് യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റില്‍ നിന്ന് 20 കോടി രൂപ കൈപ്പറ്റിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കരെ എംഎല്‍എ അടക്കം ഒട്ടേറെ പേരുടെ പരാതി സിബിഐയ്ക്കും കേന്ദ്രസര്‍ക്കാരിനും ലഭിച്ചിരുന്നു. ഇതിന്റയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം. വ്യക്തമായ രാജ്യാന്തര കരാറില്ലാതെയാണ് സാമ്പത്തിക ഇടപാട് നടന്നതെന്ന് കേന്ദ്രസര്‍ക്കാരും വിലയിരുത്തിയിരുന്നു. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയുള്ള സിബിഐ അന്വേഷണം സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.