Nature

ഭക്ഷ്യക്കിറ്റ് തുടരുന്നത് സംസ്ഥാനത്ത് ആരും പട്ടിണിയാകാതിരിക്കാന്‍-മുഖ്യമന്ത്രി

ആലപ്പുഴ :കോവിഡ് പ്രതിസന്ധിക്കിടയില്‍ സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഫലമായാണ് ഭക്ഷ്യക്കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഡിസംബര്‍ വരെ തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി എല്ലാത്തരം കുടുംബങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും അവശ്യസാധനങ്ങളുള്‍പ്പെട്ട ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. കോവിഡിന്റെ പ്രാരംഭ ഘട്ടത്തിലും ഓണക്കാലത്തും സമാനമായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു. റേഷന്‍ കടകളിലൂടെ അരിയും വിതരണം ചെയ്യുന്നു. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് എന്നിവ മുഖേന വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനച്ചടങ്ങില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിച്ചു.

ജില്ലയിലെ 594905 ലക്ഷം കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മണി വിശ്വനാഥ് നിർവഹിച്ചു.കോവിഡ് പശ്ചാത്തലത്തിൽ സാധാരണ ജനങ്ങൾ വളരെ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഈ അവസരത്തിൽ സർക്കാർ നൽകുന്ന സൗജന്യ കിറ്റ് ഏറെ ഫലപ്രദമാണെന്ന് ഉദ്ഘടനം നിർവഹിച്ചു കൊണ്ട് വൈസ് പ്രസിഡന്റ്‌ പറഞ്ഞു . ആലപ്പുഴ സുഗതൻ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സി ജ്യോതിമോൾ അധ്യക്ഷത വഹിച്ചു. കൗൺസിലർ നിസാർ പുറക്കാട് ,ജില്ലാ സപ്ലൈ ഓഫീസർ എം എസ് ബീന ,കെ എൽ ഡി സി ചെയർമാൻ പി വി സത്യനേശൻ എന്നിവർ സന്നിഹിതരായി .ഒരു കിലോഗ്രാം വീതം പഞ്ചസാര, ആട്ട, ഉപ്പ് എന്നിവ, 750 ഗ്രാം കടല, ചെറുപയര്‍ എന്നിവ, 250 ഗ്രാം സാമ്പാര്‍ പരിപ്പ്, അര ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം മുളക്‌പൊടി എന്നിവയാണ് ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റേഷന്‍ കാര്‍ഡിലെ അവസാന അക്കം അനുസരിച്ചാണ് വിതരണത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.. ഒക്ടോബര്‍ 15നകം മുഴുവന്‍ കാര്‍ഡുകള്‍ക്കും വിതരണം പൂര്‍ത്തിയാക്കും. കോവിഡിന്റെ ലോക് ഡൗണ്‍ കാലത്ത് 5,69,769 കാര്‍ഡുടമകള്‍ക്കും ഓണത്തിന് 6,18,801 കാര്‍ഡുടമകള്‍ക്കും സൗജന്യ കിറ്റ് വിതരണം നടത്തിയിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.