Nature

അര്‍ഹരായ എല്ലാവര്‍ക്കും വീട് വച്ചു നല്‍കും: മുഖ്യമന്ത്രി

കൊല്ലം; ലൈഫ് പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലും ഉള്‍പ്പെടാത്തവരില്‍ നിന്ന് വീണ്ടും അപേക്ഷ ക്ഷണിച്ചതിലൂടെ എട്ട് ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചതായും ഇതില്‍ അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും വീടുവച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ ലൈഫ് പദ്ധതി പ്രകാരം മൂന്ന് കെട്ടിട സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത ഒരാള്‍ പോലും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ലൈഫ് പദ്ധതി നടപ്പിലാക്കിയത്. വീട് മാത്രമല്ല ലൈഫിലൂടെ ഒരു പുതിയ ജീവിതം കൂടിയാണ് ലഭിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെ 29 ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഇതുവഴി 1285 കുടുംബങ്ങളുടെ വീടെന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. 181.22 കോടി രൂപ വിനിയോഗിച്ച് നടത്തുന്ന നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 226518 കുടുംബങ്ങള്‍ ഇതിനോടകം സ്വന്തം വീട്ടിലേക്ക് മാറിക്കഴിഞ്ഞു. ഒന്നര ലക്ഷത്തോളം കുടുംബങ്ങള്‍ക്കായുള്ള വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പി എം എ വൈ അര്‍ബന്‍ റൂറല്‍ പദ്ധതികളെ ലൈഫുമായി സംയോജിപ്പിച്ചതിലൂടെ രണ്ടു പദ്ധതികളുടെ ഗുണഫലം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചു. ജനങ്ങളില്‍ നിന്ന് നല്ല സഹകരണമാണ് ലഭിച്ചതെന്നും തദ്ദേശസ്വയംഭരണം സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷനായി.

വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിലെ കടപുഴ പുതുശ്ശേരിമുകളിലെ കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിര്‍വഹിച്ചു. പുതുശ്ശേരി മുകളില്‍ മൂന്നര ഏക്കര്‍ സ്ഥലത്ത് നാലു നിലകളുള്ള കെട്ടിടം ആണ് നിര്‍മ്മിക്കുന്നത് 72 കുടുംബങ്ങള്‍ക്കാണ് ഇവിടെ വീടൊരുങ്ങുന്നത്. 9.5 4 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്.

അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ തഴമേല്‍ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ശിലാഫലകം അനാച്ഛാദനം ജെ ജെ ഓഡിറ്റോറിയത്തില്‍ വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു. പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരു ഏക്കര്‍ 54 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം പണികഴിപ്പിക്കുന്നത്. 8.49 കോടി രൂപ മുതല്‍ മുടക്കില്‍ ഏഴു നിലകളിലായി 63 ഭവനങ്ങളാണ് ഒരുക്കുന്നത്.

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ മുണ്ടയ്ക്കലില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാഫലകം എം നൗഷാദ് എം എല്‍ എ അനാച്ഛാദനം ചെയ്തു. 55 സെന്റ് സ്ഥലത്ത് നാലു നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 4.95 കോടി രൂപ ഇതിനായി വിനിയോഗിക്കും. ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളില്‍ തന്നെ അങ്കണവാടി, മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേക മുറി, സിക്ക് റൂം, കോമണ്‍ ഫെസിലിറ്റി സെന്റര്‍, മലിനജല ശുദ്ധീകരണ പ്ലാന്റ്, സൗരോര്‍ജ സംവിധാനം, കളി സ്ഥലം, ചുറ്റുമതില്‍ എന്നിവ ഉള്‍പ്പെടുത്തി തീര്‍ത്തും ജനസൗഹൃദമായ രീതിയിലാണ് ഭവന സമുച്ചയം ഉയരുന്നത്. ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം പ്രീ ഫാബ് സാങ്കേതികവിദ്യയില്‍ ആണ് നിര്‍മ്മാണം. ആറു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.