Times Kerala

50 കോവിഡ് കേസുകള്‍ ഉള്ളപ്പോള്‍ മാലാഖമാര്‍ എന്ന് വാഴ്ത്തി പാടിയിട്ട് 5000 കേസുകള്‍ ആകുമ്പോള്‍ കീശയില്‍ നിന്ന് അടിച്ചുമാറ്റുന്നത് അപരാധമാണ്. ആദരിച്ചില്ലെങ്കിലും അവര്‍ക്ക് മാന്യമായി ജീവിക്കാനുള്ളത് നല്‍കണം; എംകെ മുനീര്‍

 
50 കോവിഡ് കേസുകള്‍ ഉള്ളപ്പോള്‍ മാലാഖമാര്‍ എന്ന് വാഴ്ത്തി പാടിയിട്ട് 5000 കേസുകള്‍ ആകുമ്പോള്‍ കീശയില്‍ നിന്ന് അടിച്ചുമാറ്റുന്നത് അപരാധമാണ്. ആദരിച്ചില്ലെങ്കിലും അവര്‍ക്ക് മാന്യമായി ജീവിക്കാനുള്ളത് നല്‍കണം; എംകെ മുനീര്‍

മലപ്പുറം: ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് മുസ്ലിംലീഗ് നേതാവ് എംകെ മുനീര്‍. സര്‍ക്കാര്‍ ജീവനക്കാരോട് സര്‍ക്കാര്‍ ചെയ്യുന്നത് കൊടുംക്രൂരതയെന്ന് എംകെ മുനീര്‍ പറഞ്ഞു. നേരത്തെ ശമ്പളം ഗഡുക്കളായി തട്ടിയെടുത്ത സര്‍ക്കാര്‍ വീണ്ടും ശമ്പളം ആവശ്യപ്പെടുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

എംകെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

സംസ്ഥാനത്തെ ജീവനക്കാരോട് സര്‍ക്കാര്‍ ചെയ്യുന്നത് കൊടുംക്രൂരത. തിരിച്ചു നല്‍കും എന്ന് പ്രഖ്യാപിച്ചു ഒരു മാസത്തെ ശമ്പളം ഗഡുക്കളായി തട്ടിയെടുത്തിട്ട് വീണ്ടും ശമ്പളം പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കവുമായി ധനമന്ത്രി നടത്തുന്ന ശ്രമങ്ങള്‍ തികച്ചും അനീതിയാണ്. ജീവനക്കാര്‍ക്ക് 4 ഗഡു D A കുടിശ്ശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. കഴിഞ്ഞ യു. ഡി. എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച MEDISEP ഇല്ലാതാക്കി ; ശമ്പള പരിഷ്‌കരണം due ആയിട്ട് ഒരു വര്‍ഷമാകുന്നു .എല്ലാ അര്‍ത്ഥത്തിലും ജീവനക്കാരും കുടുംബാംഗങ്ങളും വല്ലാത്ത സമ്മര്‍ദ്ദത്തിലാണ്. ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാല്‍ കഴിയുന്നത്ര സംഭാവന നല്‍കാന്‍ തയ്യാറായിടത്താണ് സാലറി കട്ടുമായി സര്‍ക്കാര്‍ രംഗത്തു വന്നത്.

ഏറ്റവും ദുഃഖകരമായ കാര്യം ആരോഗ്യ വകുപ്പിലെ സ്ഥിരം ജീവനക്കാരുടെ അവസ്ഥയാണ്. കഴിഞ്ഞ 9 മാസമായി വീടും കുടുംബവും എല്ലാം ഉപേക്ഷിച്ചു ഒരു വിഭാഗം PPE കിറ്റിനുള്ളില്‍ സമര്‍പ്പിത സേവനത്തിലാണ്. പൊതുഗതാഗതം പോലും ഇല്ലാത്ത സാഹചര്യത്തില്‍ സ്വന്തം വാഹനത്തിലാണ് പലരും കിലോമീറ്ററുകള്‍ താണ്ടി ജോലി സ്ഥലത്തേക്ക് എത്തുന്നത്. ഒരു വിഭാഗം ജീവനക്കാര്‍ക്ക് Incentive നല്‍കുമ്പോഴാണ് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന വകുപ്പിലെ ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. അവധി പോലും എടുക്കാന്‍ കഴിയാതെ, പൊതു അവധി ദിവസങ്ങളില്‍ പോലും ജോലി ചെയുന്ന ജീവനക്കാരെ സമരത്തിലേക്ക് തള്ളി വിടാതിരിക്കാന്‍ ശ്രമിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സമരങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ ഇടപെടണം.

ആരോഗ്യ പ്രവര്‍ത്തകരില്‍ വര്‍ധിച്ചു വരുന്ന കോവിഡ് ബാധയെ കുറിച്ച് സര്‍ക്കാര്‍ എന്ത് പഠനം ആണ് നടത്തിയിട്ടുള്ളത്. നിലവാരം കുറഞ്ഞ PPE Kit, N95 മാസ്‌ക് ഉം ഒക്കെ കേട്ടുകേള്‍വിയില്ലാത്ത അന്യായ വില കൊടുത്തുവാങ്ങിയത് നിയമസഭയില്‍ ഞാന്‍ ചുണ്ടികാട്ടിയതാണ്. അതിന്മേല്‍ ഒരന്വേഷണവും പ്രഖ്യാപിക്കാതെ ഗുണനിലവാരത്തിന്റെ മേന്മ പറഞ്ഞു ന്യായീകരിക്കാനാണ് വകുപ്പ് മന്ത്രി ശ്രമിച്ചത്. ഏതായാലും ജീവനക്കാരുടെ സുരക്ഷിതത്വം പരമപ്രധാനമാണ്. 50 കോവിഡ് കേസുകള്‍ ഉള്ളപ്പോള്‍ മാലാഖമാര്‍ എന്ന് വാഴ്ത്തി പാടിയിട്ട് 5000 കേസുകള്‍ ആകുമ്പോള്‍ കീശയില്‍ നിന്ന് അടിച്ചുമാറ്റുന്നത് അപരാധമാണ്. ആദരിച്ചില്ലെങ്കിലും അവര്‍ക്ക് മാന്യമായി ജീവിക്കാനുള്ളത് നല്‍കണം.

Related Topics

Share this story