Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

2020 ലെ ആദ്യ സെഞ്ചുറി സ്വന്തമാക്കി രാഹുൽ; ബാംഗ്ലൂരിന് 207 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 207 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റൺസെടുത്തു. ക്യാപ്റ്റൻ കെ.എല്‍. രാഹുലിന്റെ സെഞ്ചുറിയാണ് പഞ്ചാബിന് മികച്ച സ്കോർ നേടിക്കൊടുത്തത്. 69 പന്തുകളിൽനിന്ന് 132 റൺസെടുത്ത് രാഹുൽ പുറത്താകാതെ നിന്നു. ഈ സീസണിലെ ആദ്യ സെഞ്ചുറികൂടിയാണ് രാഹുലിന്റേത്. ഐപിഎല്ലില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്കോർ് കൂടിയാണിത്.

ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ ഓപ്പണർ മായങ്ക് അഗർവാളും ക്യാപ്റ്റൻ കെ.എൽ. രാഹുലും മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. ഇരുവരും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. ഏഴാം ഓവറില്‍ പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായി. 20 പന്തിൽ 26 റൺസെടുത്ത മായങ്ക് യുസ്‍വേന്ദ്ര ചെഹലിന്റെ പന്തിൽ ബൗൾഡായി. തുടർന്ന് നിക്കോളാസ് പുരാനെ കൂട്ടുപിടിച്ച് രാഹുൽ പഞ്ചാബ് സ്കോർ ഉയർത്തി. അതിനിടെ ക്യാപ്റ്റൻ രാഹുൽ അർധസെഞ്ചുറിയും പൂർത്തിയാക്കി. 36 പന്തുകളിൽ നിന്നാണ് രാഹുൽ ഐപിഎല്ലിലെ 17–ാം അർധ സെഞ്ചുറി നേടിയത്. ഇതോടെ ഐപിഎല്ലിൽ അതിവേഗം രണ്ടായിരം റൺസ് തികയ്ക്കുന്ന ഇന്ത്യക്കാരനെന്ന നേട്ടവും രാഹുലിന് സ്വന്തമായി. സച്ചിൻ തെൻഡുൽക്കറെയാണ് ഇക്കാര്യത്തിൽ രാഹുൽ മറികടന്നത്. 2013 ൽ റോയൽ ചാലഞ്ചേഴ്സിനായി അരങ്ങേറിയ രാഹുൽ 60 ഇന്നിങ്സുകളില്‍നിന്നാണ് 2000 റൺസ് പിന്നിട്ടത്. സച്ചിന്‍ 63 ഇന്നിങ്സുകളിൽനിന്നാണ് 2000 റൺസ് നേടിയത്.

12 ഓവറിൽ പഞ്ചാബ് സ്കോർ 100 കടന്നു. പിന്നാലെ പുരാനെയും പഞ്ചാബിന് നഷ്ടമായി. 18 പന്തില്‍ 17 റൺസെടുത്ത പുരാനെ ശിവം ദുബെയുടെ പന്തിൽ ഡി വില്ലിയേഴ്സ് ക്യാച്ചെടുത്താണു മടക്കിയത്. രാഹുലിനെ ക്യാച്ചെടുത്തു പുറത്താക്കാൻ രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും രണ്ടു തവണയും ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി അവ പാഴാക്കി. രാഹുൽ 83, 89 റൺസുകൾ നേടി നിൽക്കുമ്പോഴായിരുന്നു ഇത്. അഞ്ച് റൺസ് മാത്രമെടുത്ത ഗ്ലെൻ മാക്സ്‍വെല്ലിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. 62 പന്തിൽനിന്ന് രാഹുൽ സെഞ്ചുറി തികച്ചു. അവസാന ഓവറുകളിൽ രാഹുൽ തുടർച്ചയായി സിക്സറുകൾ പറത്തി. കരുൺ നായരും ബൗണ്ടറികൾ കണ്ടെത്തിയതോടെ പഞ്ചാബ് സ്കോർ 200 പിന്നിട്ടു. എട്ട് പന്തില്‍ 15 റൺസെടുത്ത കരുൺ നായർ പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടു വിക്കറ്റും ചെഹൽ ഒരു വിക്കറ്റും സ്വന്തമാക്കി.

You might also like

Comments are closed.