Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കാസർഗോഡ് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്ക്ക് ഹാജരാകണം. പരിശോധിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്

കാസർഗോഡ്; മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്ക്ക് ഹാജരാകണമെന്നും ഓഫീസുകളില്‍ ഹാജര്‍ നില പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍ .കൊറോണയോടൊപ്പം ജീവിക്കുക എന്നതാണ് നിലപാട്.സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രകാരം നൂറു ശതമാനം ഹാജര്‍ ഉറപ്പു വരുത്തണം.

കോവിഡ് പ്രതിരോധത്തില്‍ പരിമിതമായ സൗകര്യങ്ങളുപയോഗിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരേയും കളക്ടര്‍ അഭിനന്ദിച്ചു.ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസത്തെ ക്വാറന്റീന് ശേഷം കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ പിന്നീട് ക്വാറന്റീന്‍ നിര്‍ബന്ധമല്ല . പരിശോധന നടത്താത്തവര്‍ ക്വാറന്റീന്‍ 14 ദിവസം തുടരണം. സ്‌പെഷ്യാലിറ്റി സംവിധാനങ്ങളോടെ ടാറ്റാ കോവിഡ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആവശ്യമായ അനുബന്ധ സംവിധാനങ്ങളെ കുറിച്ച് പ്രൊപ്പോസല്‍ ഉടന്‍ സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് അമിത ജോലിഭാരം വരാതെ ക്രമീകരിക്കുകയും ആവശ്യമായ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകളില്‍ നിയമനത്തിന് നടപടി സ്വീകരിക്കുകയും വേണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

സമ്പര്‍ക്ക രോഗവ്യാപനം തടയുന്നതിന് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് നൂതന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മാഷ് പദ്ധതിയുടെ ഭാഗമായ അധ്യാപകര്‍ക്ക് പൂര്‍ണ സഹകരണം നല്‍കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോടും നഗരസഭ സെക്രട്ടറിമാരോടും കളക്ടര്‍ നിര്‍ദ്ദേശിച്ചു. രോഗ വ്യാപനം രൂക്ഷമാവുകയും മരണസംഖ്യ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണത്തിലൂടെ സമ്പര്‍ക്കരോഗ വ്യാപനം നിയന്ത്രിക്കാന്‍ കഴിയണമെന്ന് കളക്ടര്‍ പറഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം മേഖലകളില്‍ ബോധവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കണമെന്ന് യോഗം തീരുമാനിച്ചു.

കാഞ്ഞങ്ങാട് മാര്‍ക്കറ്റ് ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ വീതം എന്ന ക്രമത്തില്‍ തുറക്കാം. മാര്‍ക്കറ്റിനകത്ത് ആകെയുള്ള കച്ചവടക്കാരില്‍ 50 ശതമാനം പേര്‍ മാത്രമേ ഒരു ദിവസം കച്ചവടം നടത്താന്‍ പാടുള്ളൂ. ഒരു സമയത്ത് പരമാവധി 50 പേര്‍ മാത്രമേ മാര്‍ക്കറ്റിനകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തേണ്ടത് നഗരസഭാ സെക്രട്ടറിയാണ്.

ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഒക്ടോബര്‍ ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും, മൂന്ന് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയുമാക്കും.

ജ്വല്ലറികളില്‍ എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല

ജില്ലയിലെ ജ്വല്ലറികളില്‍ ഒരു കാരണവശാലും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. സ്ഥാപനങ്ങളില്‍ 100 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ സ്റ്റാഫും കസ്റ്റമര്‍മാരും അടക്കം പരമാവധി 15 പേരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. ഒരു സമയം സ്ഥാപനത്തിനകത്ത് പ്രവേശിക്കുന്നവരുടെ എണ്ണം ഇത്തരത്തില്‍ നിയന്ത്രിക്കേണ്ടതാണ്. സ്ഥാപനത്തിലെ മുതലാളിയും തൊഴിലാളികളും മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.ജ്വല്ലറികളിലെ ആഭരണങ്ങള്‍ അണിഞ്ഞ് ട്രയല്‍ നോക്കുന്നത് രോഗ വ്യാപനത്തിന് വഴിവെക്കും. അതിനാല്‍ കൃത്യമായി അണുനശീകരണം നടത്തണം. ഇതിനായി അള്‍ട്രാ വയലറ്റ് സാങ്കേതിക വിദ്യയുള്ള കണ്ടെയിനറുകള്‍ ഉപയോഗിക്കാവുന്നതാണ്.

എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചു കൊണ്ട് ജ്വല്ലറി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണെന്നും ഇതില്‍ വീഴ്ച കണ്ടെത്തിയാല്‍ 14 ദിവസത്തേക്ക് അടച്ചിടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതാണെന്ന് യോഗത്തില്‍ പങ്കെടുത്ത ജ്വല്ലറി ഉടമസ്ഥരുടെ പ്രതിനിധികള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡി ശില്‍പ , എ ഡി എം എന്‍ ദേവീദാസ് ,സബ് കളക്ടര്‍ ഡിആര്‍ മേഘശ്രീ ഡി എം ഒ ഡോ.എ.വി.രാംദാസ് കോര്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.

You might also like

Comments are closed.