Times Kerala

കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ബദൽ പാത, സുപ്രധാന റോഡ് പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

 
കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ബദൽ പാത, സുപ്രധാന റോഡ് പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി സുപ്രധാന റോഡ് പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ബദൽ പാതയാണ് ഇതിൽ പ്രധാനം. ഇപ്പോൾ കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങൾ പോകുന്നത്. പ്രകൃതിക്ഷോഭവും വാഹനങ്ങളുടെ തിരക്കും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. അതിവർഷമുണ്ടാകുമ്പോൾ പലപ്പോഴും മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായാണ് വയനാട്ടിലേക്ക് തുരങ്കപാത സർക്കാർ ആലോചിക്കുന്നത്.

ആനക്കാംപൊയിലിൽ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന പാതയ്ക്ക് 7.82 കിലോമീറ്റർ നീളമുണ്ടാകും. തുരങ്കത്തിൻറെ നീളം 6.9 കിലോമീറ്റർ വരും. തുരങ്ക നിർമാണത്തിൽ വൈദഗ്ധ്യം തെളിയിച്ച കൊങ്കൺ റെയിൽവെ കോർപ്പറേഷനെ ഈ പദ്ധതിയുടെ പ്രത്യേക ഉദ്ദേശ കമ്പനിയായി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി പദ്ധതിക്ക് നൽകിയിട്ടുണ്ട്. കിഫ്ബിയിൽ നിന്നാണ് ആവശ്യമായ പണം ലഭ്യമാക്കുന്നത്. ആവശ്യമായ പഠനങ്ങൾക്കു ശേഷം കൊങ്കൺ റെയിൽവെ കോർപ്പറേഷൻ വിശദമായ പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. അത് ലഭിച്ചുകഴിഞ്ഞാൽ മറ്റ് നടപടികൾ ആരംഭിക്കും.

Related Topics

Share this story