Times Kerala

തീരുന്നില്ല മണികിലുക്കം :കലാഭവന്‍ മണി സാംസ്‌കാരിക നിലയം സ്മാരക സമ്മേളനഹാള്‍ നാടിന് സമര്‍പ്പിച്ചു

 
തീരുന്നില്ല മണികിലുക്കം :കലാഭവന്‍ മണി സാംസ്‌കാരിക നിലയം സ്മാരക സമ്മേളനഹാള്‍ നാടിന് സമര്‍പ്പിച്ചു

തൃശൂർ :അന്തരിച്ച കലാകാരന്‍ കലാഭവന്‍ മണിയുടെ നാമധേയത്തില്‍ മതിലകം ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച സമ്മേളന ഹാള്‍ നാടിന് സമര്‍പ്പിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2019 – 20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാംസ്‌കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി ക്ഷേമ ഫണ്ട് ഉപയോഗിച്ചാണ് കൂളിമുട്ടം പൊക്ലായിയില്‍ സാംസ്‌കാരിക നിലയത്തിന്റെ മുകള്‍നിലയിലായി സമ്മേളന ഹാള്‍ പണികഴിപ്പിച്ചത്.

പൊക്ലായ് സെന്ററിലെ പട്ടികജാതി കോളനിയിലെ താമസക്കാര്‍ക്ക് പണിയായുധങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉണ്ടായിരുന്ന ചെറിയ കെട്ടിടം പൊളിച്ച് മാറ്റിയാണ് 800 സ്‌ക്വയര്‍ ഫീറ്റുള്ള ഇരുന്നിലകളിലായി മനോഹരമായ സംസ്‌കാരിക കേന്ദ്രം നിര്‍മ്മിച്ചത്. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാളിന്റെ നിര്‍മ്മാണം. കലാപരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍, പി എസ് സി ക്ലാസുകള്‍, നൃത്ത പഠനം, ലൈബ്രറി തുടങ്ങിയവയ്ക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.

മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ജി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബി ജി വിഷ്ണു എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നൗഷാദ് കൈതവളപ്പില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈന അനില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുവര്‍ണ്ണ ജയശങ്കര്‍, പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ കെ ബിജു എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story