Nature

കെഎസ് യുഎം സ്റ്റാര്‍ട്ടപ് വേബിയോയില്‍ ഓഹരി നിക്ഷേപം നടത്തി എയര്‍ടെല്‍

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത വേബിയോ ടെക്നോളജീസില്‍ പത്തു ശതമാനം ഓഹരി നിക്ഷേപവുമായി മൊബൈല്‍ ഭീമനായ എയര്‍ടെല്‍. എയര്‍ടെലിന്‍റെ ക്ലൗഡ് സാങ്കേതികവിദ്യ വിപുലീകരിക്കുന്നതിനും പുതിയ വാണിജ്യസാധ്യതകള്‍ മുന്നോട്ടു വയ്ക്കാനും വേബിയോയുമായുള്ള സഹകരണം സഹായിക്കും.

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന എയര്‍ടെലിന്‍റെ പ്രത്യേക ആക്സിലറേറ്റര്‍ പദ്ധതിയുടെ ഭാഗമായാണ് വേബിയോയിലെ നിക്ഷേപം. ക്ലൗഡ് ടെലിഫോണ്‍ സേവനങ്ങളുമായി ബന്ധപ്പെട്ട നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതിക സേവനങ്ങളാണ് വേബിയോ നല്‍കുന്നത്.

ഫോണ്‍ വിളി അടിസ്ഥാനമാക്കി നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് വാണിജ്യപരമായ സേവനങ്ങള്‍ നല്‍കാന്‍ എയര്‍ടെല്ലിനെ പ്രാപ്തമാക്കാന്‍ ഈ സഹകരണത്തിലൂടെ വേബിയോയ്ക്ക് കഴിയും. ഈ സാങ്കേതിക സേവനങ്ങള്‍ എയര്‍ടെല്ലിന് പൂര്‍ണമായും വേബിയോയിലൂടെ ലഭ്യമാകുമെന്ന് സിഇഒ കൃഷ്ണന്‍ ആര്‍ വി പറഞ്ഞു.

ബിസിനസ് ടു ബിസിനസ് സഹകരണമെന്ന നിലയില്‍ എയര്‍ടെല്ലുമായുള്ള ബന്ധം വേബിയോയ്ക്ക് കൂടുതല്‍ ബൃഹത്തായ അവസരങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എയര്‍ടെല്‍ ഉപഭോക്താക്കളുടെ അനുഭവം വിലയിരുത്തല്‍, ഓട്ടോമേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് വിഭാവനം ചെയ്യുന്നത്. മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കപ്പുറത്തേക്ക് ഡാറ്റാ വിശകലനത്തില്‍ ഊന്നിയുള്ള പുതിയ വാണിജ്യ സാധ്യതകള്‍ വേബിയോയ്ക് വാഗ്ദാനം ചെയ്യാനാകുമെന്നും കൃഷ്ണന്‍ ആര്‍ വി കൂട്ടിച്ചേര്‍ത്തു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സ്കെയില്‍ അപ് സ്പേസില്‍ പ്രവര്‍ത്തിക്കുന്ന സംരംഭമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേബിയോ. എയര്‍ടെലിന്‍റെ ആക്സിലറേറ്റര്‍ പരിപാടിയില്‍ അംഗമാകുന്ന രാജ്യത്തെ അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പാണിത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.