Times Kerala

യഥാസമയം ലക്ഷദ്വീപില്‍നിന്ന് ചികിത്സ കിട്ടിയിരുന്നെങ്കില്‍ പിതാവിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നു., ദ്വീപുകളില്‍ ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തണം..; യുവസംവിധായിക ഐഷ സുല്‍ത്താന

 
യഥാസമയം ലക്ഷദ്വീപില്‍നിന്ന് ചികിത്സ കിട്ടിയിരുന്നെങ്കില്‍ പിതാവിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നു., ദ്വീപുകളില്‍ ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തണം..; യുവസംവിധായിക ഐഷ സുല്‍ത്താന

ലക്ഷദ്വീപില്‍ ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും, ദേശീയ മനുഷ്യാവകാശ കമ്മിഷനും യുവ സംവിധായിക ഐഷ സുല്‍ത്താന നിവേദനം സമര്‍പ്പിച്ചു. രോഗം തിരിച്ചറിയാതെയും യഥാസമയം ചികിത്സ നൽകാൻ കഴിയാതെയും പിതാവ് മരിച്ച പശ്ചാത്തലത്തിലാണ് നിവേദനം സമർപ്പിച്ചത്. മികച്ച ചികിത്സ കിട്ടാതെ നൂറുകണക്കിന് പേര്‍ക്കാണ് ലക്ഷദ്വീപില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളതെന്നും ദേശീയ മനുഷ്യാവകാശ കമീഷനും വിഷയത്തിൽ ഇടപെടണമെന്നും ഐഷ സുല്‍ത്താന ആവശ്യപ്പെടുന്നു.

ഹൃദയാഘാതത്തെ തുടർന്ന് 24 മണിക്കൂറിനകം നല്‍കേണ്ട ചികിത്സ പിതാവിന് നല്‍കാന്‍ ലക്ഷദ്വീപിലെ ആശുപത്രികള്‍ക്ക് സാധിച്ചില്ല. പിന്നീട് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മരിച്ചു. യഥാസമയം ലക്ഷദ്വീപില്‍നിന്ന് ചികിത്സ കിട്ടിയിരുന്നെങ്കില്‍ പിതാവിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും, വ്യക്തിപരമായും സാമൂഹ്യപരമായും ലക്ഷദ്വീപിലെ ആരോഗ്യമേഖലയുടെ ആശങ്ക അറിയിക്കുകയാണെന്നും ഐഷ സുൽത്താന നിവേദനത്തിൽ പറയുന്നു.

ദ്വീപുകളില്‍ ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തണം, കോവിഡ് 19 പോലെ അതീവ ഗുരുതരമായ വൈറസുകള്‍ പടരുന്ന സാഹചര്യത്തില്‍ പോലും അവയെ ചികിത്സ കൊണ്ടോ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയോ ലക്ഷദ്വീപ് നിവാസികള്‍ക്ക് തടഞ്ഞുനിര്‍ത്താനാവുന്നില്ല. പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് പോലും എത്തിച്ചേരാന്‍ വളരെയധികം പ്രയാസമാണെന്നും എല്ലാ ദ്വീപുകളിലും ചികിത്സാ സംവിധാനം ഒരുക്കുകയാണ് അടിസ്ഥാന ആവശ്യമെന്നും ഐഷ സുല്‍ത്താന ആവശ്യപ്പെടുന്നു.

Related Topics

Share this story