Times Kerala

സത്യത്തിൽ ഒ.ടി.ടി റിലീസിന്‍റെ പേരില്‍ പല നിര്‍മ്മാതാക്കളും കബളിപ്പിക്കപ്പെടുകയാണ്..;വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.!

 
സത്യത്തിൽ ഒ.ടി.ടി റിലീസിന്‍റെ പേരില്‍ പല നിര്‍മ്മാതാക്കളും കബളിപ്പിക്കപ്പെടുകയാണ്..;വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.!

ഒ.ടി.ടി റിലീസിന്‍റെ പേരില്‍ പല നിര്‍മ്മാതാക്കളും കബളിപ്പിക്കപ്പെടുകയാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബാദുഷ.ആദ്യ കാലങ്ങളില്‍‌ സാറ്റ് ലൈറ്റ് റേറ്റിന്‍റെ പേരും പറഞ്ഞ് നിരവധി നിര്‍മ്മാതാക്കളും സിനിമ പ്രവര്‍ത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, അതുപോലെ തന്നെയാണ് ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ പേരിലും തട്ടിപ്പ് നടക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാദുഷ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നടക്കുന്ന തട്ടിപ്പ് എന്ന തലക്കെട്ടോടെയാണ് ബാദുഷയുടെ കുറിപ്പ്.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം

”സിനിമകളുടെ പ്രദര്‍ശനത്തിനായി സമീപകാലത്ത് ഉടലെടുത്ത സങ്കേതമാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോം. നെറ്റ്ഫ്‌ളികസ്, പ്രൈം വീഡിയോ, സീ5 തുടങ്ങി വന്‍കിട സംരംഭങ്ങള്‍ മുതല്‍ നിരവധി കമ്പനികള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉദാഹരണമാണ്. ഏഷ്യാനെറ്റ്, സൂര്യ പോലുള്ള ചാനലുകള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുണ്ട്. ഇവിടെയൊക്കെ സിനിമകള്‍ റിലീസ് ചെയ്യുകയോ അവകാശം വാങ്ങി പിന്നീട് പ്രദര്‍ശിപ്പിക്കുകയോ ചെയ്യും.

പറഞ്ഞു വരുന്നത് അതല്ല, ഈ രംഗത്ത് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചാണ്. പണ്ട് സാറ്റലൈറ്റ് റേറ്റിന്റെ കാര്യം പറഞ്ഞ് നിരവധി നിര്‍മാതാക്കളും സിനിമാ പ്രവര്‍ത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പ്. ഒ.ടി.ടി.യില്‍ റിലീസ് ചെയ്യാം എന്നു പറഞ്ഞ് ചെറിയ ബഡ്ജറ്റില്‍ നിരവധി സിനിമകളുടെ ഷൂട്ടോ ചര്‍ച്ചകളോ പ്രീ പ്രൊഡക്ഷന്‍ ജോലികളോ ഒക്കെ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം സിനിമകളും ഒരു ഒ.ടി.ടി കമ്പനികളുമായോ ഒന്നും ചര്‍ച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.

വന്‍കിട പ്ലാറ്റ്‌ഫോമുകള്‍ക്കായി സിനിമ ചെയ്യുമ്പോള്‍ അവര്‍ ബാനര്‍, സംവിധായകന്‍, അഭിനേതാക്കള്‍, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്. അവര്‍ക്ക് വയബിള്‍ എന്നു തോന്നിയാല്‍ മാത്രമേ തങ്ങള്‍ ഏറ്റെടുക്കാം എന്ന് സമ്മതിക്കാറുള്ളൂ. എന്നാല്‍, നിരവധി നിര്‍മാതാക്കളാണ് ഇപ്പോള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് പലരും ഒ.ടി.ടി. എന്നു പറഞ്ഞ് ഇറങ്ങുന്നത്. സത്യത്തില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടുകയാണ്.

വീണ്ടും കുറെ നിര്‍മാതാക്കള്‍ കൂടി കുത്തുപാളയെടുക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോം എന്ന് പറഞ്ഞ് സിനിമ പിടിക്കാന്‍ നിരവധി പേര്‍ ഇറങ്ങിയിട്ടുണ്ട്. കൃത്യമായ ഉറപ്പില്ലാതെ നിര്‍മാതാക്കള്‍ ചാടിയിറങ്ങരുത്. ഏതു പ്ലാറ്റ്‌ഫോമിലാണ് സിനിമ റിലീസ് ചെയ്യാന്‍ പോകുന്നത് എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക, കരുതിയിരിക്കുക.

Related Topics

Share this story