Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഹിന്ദി അറിയില്ലെന്ന കാരണത്താല്‍ ഡോക്ടര്‍ക്ക് ലോണ്‍ നിഷേധിച്ചു; ബാങ്ക് മാനേജര്‍ക്ക് സ്ഥലം മാറ്റം

ചെന്നൈ: ഹിന്ദി അറിയില്ലെന്ന കാരണത്താല്‍ ഡോക്ടര്‍ക്ക് ലോണ്‍ നിഷേധിച്ച സംഭവത്തില്‍ ബാങ്ക് മാനേജരെ സ്ഥലം മാറ്റി.  ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗംഗൈകൊണ്ടചോലപുരം ശാഖ മാനേജര്‍ വിശാല്‍ കാംബ്ലെയെ ആണ് സ്ഥലം മാറ്റിയത്.

ലോണിനായി സമർപ്പിച്ച രേഖകള്‍ തമിഴിലായതിനാല്‍ അപേക്ഷ പരിശോധിക്കാന്‍ പോലും വിസമ്മതിച്ച ഇയാള്‍ ലോണ്‍ നിഷേധിച്ചു എന്നാണ് ആരോപണം. ഇയാളെ ത്രിച്ചിയിലേക്കാണ് സ്ഥലം മാറ്റിയത്.

രണ്ട് ദിവസം മുൻപാണ് റിട്ടയര്‍ഡ് ഡോക്ടറായ സി.ബാലസുബ്രഹ്മണ്യന്‍ എന്ന 76കാരന്‍ ലോണിനായി ബാങ്കിനെ സമീപിച്ചത്.അപേക്ഷ സമര്‍പ്പിച്ച്‌ കഴിഞ്ഞപ്പോള്‍ ബാങ്ക് മാനേജറായ മഹാരാഷ്ട്ര സ്വദേശി വിശാല്‍, തനിക്ക് ഹിന്ദി അറിയുമോ എന്നാണ് ചോദിച്ചതെന്നാണ് ഡോക്ടര്‍ പറയുന്നത്. തമിഴും ഇംഗ്ലീഷും മാത്രമെ അറിയു എന്ന് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാഗ്വാദം ഉടലെടുക്കുകയും തുടര്‍ന്ന് ഭൂമിയുടെ രേഖകള്‍ തമിഴിലാണെന്ന കാരണം ഉന്നയിച്ച്‌ അപേക്ഷ പരിശോധിക്കാന്‍ നില്‍ക്കാതെ തനിക്ക് ലോണ്‍ നിഷേധിച്ചു എന്നും ബാലസുബ്രഹ്മണ്യന്‍ പറയുന്നു.

ഇതിന് പിന്നാലെ  ബാങ്ക് മാനേജര്‍ക്കെതിരെ ബാലസുബ്രഹ്മണ്യന്‍ നിയമനടപടികള്‍ സ്വീകരിച്ചു. തനിക്ക് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദ്ദത്തിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ക്കെതിരെ ലീഗല്‍ നോട്ടീസ് അയക്കുകയായിരുന്നു.  സംഭവം നിരവധി വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. ഇതേ തുടര്‍ന്നാണ് മാനേജരെ സ്ഥലം മാറ്റിക്കൊണ്ടുള്ള നടപടി.

You might also like

Comments are closed.