Times Kerala

പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര വികസനം സർക്കാർ ലക്ഷ്യം: മന്ത്രി എ.കെ. ബാലൻ

 
പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര വികസനം സർക്കാർ ലക്ഷ്യം: മന്ത്രി എ.കെ. ബാലൻ

തിരുവനന്തപുരം: പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര വികസനമാണു സർക്കാർ ലക്ഷ്യമിടുന്നതെന്നു പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലൻ. അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി കഠിനംകുളം പുതുവൽ കോളനിയിലെ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ തുടങ്ങിയവ നൽകുന്നതിന് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചത്.

ഇതിന്റെ ഫലമായി ഈ വിഭാഗങ്ങൾക്കിടയിൽ സുസ്ഥിര വികസനം ഉറപ്പാക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു .റോഡ് നിർമാണം, ഡ്രെയ്നേജ്, വീട് അറ്റകുറ്റപ്പണി, കുടിവെള്ള പദ്ധതി, ലൈബ്രറി തുടങ്ങി വിവിധ നിർമാണങ്ങളാണു പദ്ധതിയുടെ ഭാഗമായി പുതുവൽ കോളനിയിൽ നടപ്പിലാക്കുന്നത്.

ഒരു കോടിയോളം രൂപയാണ് ഈ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്. സംസ്ഥാനത്തെ മറ്റു നാലു പട്ടികജാതി സങ്കേതങ്ങളുടെ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.പട്ടികജാതി സമൂഹത്തിന്റെ വികസനത്തിനായി അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി കൂടുതൽ തുകയാണ് ഈ സർക്കാർ നീക്കിവച്ചിട്ടുള്ളതന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച ഡെപ്യൂട്ടി സ്പീക്കർ വി. ശശി കൂട്ടി ചേർത്തു .

Related Topics

Share this story