Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലൈഫ് മിഷനിൽ ആലപ്പുഴയിൽ രണ്ട് പാർപ്പിട സമുച്ചയങ്ങൾ കൂടി നിർമ്മാണോദ്ഘാടനം 24ന്

ആലപ്പുഴ :സംസ്ഥാന സർക്കാരിന്റെ നവകേരള മിഷനിൽ ഒന്നായ സമ്പൂർണ്ണ പാർപ്പിട സുരക്ഷാപദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്കുള്ള 101 ഭവന സമുച്ചയങ്ങളിൽ 29 ഭവനസമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 2020 സെപ്റ്റംബർ 24 ന് രാവിലെ 11.30 ന് ഓൺലൈനായി നിർവഹിക്കും. ഇതിൽ രണ്ട് പാർപ്പിട സമുച്ചയങ്ങൾ ആലപ്പുഴ ജില്ലയിലാണ്.

മണ്ണഞ്ചേരിയിലെ ഭവന സമുച്ചയത്തിന് മന്ത്രി ജി സുധാകരനും പള്ളിപ്പാട് നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തറക്കല്ലിടും. സർക്കാരിൻറെ 100 ദിനം നൂറ് പദ്ധതികളുടെ ഭാഗമായാണ് ഈ നിർമ്മാണ ഉദ്ഘാടനം.

രാവിലെ 11.30 ന് മുഖ്യമന്ത്രി ഓൺലൈനിൽ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ റവന്യു -ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ, ധനമന്ത്രി തോമസ് ഐസക്, ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, നിയമ -സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, ഫിഷറീസ് -തുറമുഖ വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ, തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ, ആരോഗ്യ -വനിതാ -സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, നവകേരള കർമ്മ പദ്ധതി കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് തുടങ്ങിയർ ആശംസകൾ അറിയിക്കും.തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം ആശംസിക്കും.

എ.എം. ആരിഫ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി വേണുഗോപാൽ, ജില്ലാ കളക്ടർ എ.അലക്സാണ്ടർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.ലൈഫ്മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പി.ഉദയസിംഹൻ ,പ്രോജക്ട് ഡയറക്ടർ എ. പ്രദീപ് കുമാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും.

ആലപ്പുഴ മണ്ണഞ്ചേരി കണ്ണാട്ടുകടവിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുന്ന ഭവന സമുച്ചയത്തിന് പൊതുമരാമത്ത്- രജിസ്ട്രേഷൻ വകപ്പു മന്ത്രി ജി.സുധാകരൻ തറക്കല്ലിടും. 4 നിലകളിലായി 28 ഫ്ലാറ്റുകളാണ് ഇവിടെ നിർമ്മിക്കുന്നത്.54 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം. 445 ചതു. അടി വിസ്തീർണത്തിൽ നിർമിക്കുന്ന ഓരോ ഫ്ലാറ്റിലും രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നിങ്ങനെയാണ് ഉണ്ടാകുക. 4.75 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായുള്ള മിറ്റ്സുമി ഹൗസിങ് ലിമിറ്റഡ് ആണ്.

സമുച്ചയത്തിന്റെ ഭാഗമായി മുതിർന്നവർക്കുള്ള പ്രത്യേക മുറി,സിക്ക് റൂം, കോമൺ ഫെസിലിറ്റി റൂം, ക്രീച്ചേ, റെക്രീയേഷൻ റൂം, ഇലക്ട്രിക്കൽ റൂം, മലിനജല ശുചീകരണ പ്ലാന്റ്, സൗരോർജ സംവിധാനം എന്നിവ ഉണ്ടായിരിക്കും.

ലൈഫ് മിഷനിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഒന്നാംഘട്ടത്തിൽ 53 വീടുകളും രണ്ടാംഘട്ടത്തിൽ ഏറ്റെടുത്ത 382 വീടുകളിൽ 350 വീടുകളും ഇതുവരെ പൂർത്തീകരിച്ചിട്ടുണ്ട്.

പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ 4 നിലകളിലായി നിർമിക്കുന്ന 44 ഫ്ലാറ്റുകളുടെ തറക്കല്ലിടീൽ
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.7.10 കോടി രൂപ നിർമാണ ചിലവിൽ നിർമിക്കുന്ന ഭവന സമുച്ചയത്തിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായുള്ള മിറ്റ്സുമി ഹൗസിങ് ലിമിറ്റഡ് ആണ്.445 ചതു. അടി വിസ്തീർണത്തിൽ നിർമിക്കുന്ന ഓരോ ഫ്ലാറ്റിലും രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നിങ്ങനെയാണ് ഉണ്ടാകുക.പള്ളിപ്പാട് ഗ്രാമപഞ്ചായത്തിന്റെ 50 സെന്റ് സ്ഥലത്ത്‌ നിർമിക്കുന്ന ഭവന സമുച്ചയത്തിൽ മുതിർന്നവർക്കുള്ള പ്രത്യേക മുറി,സിക്ക് റൂം, കോമൺ ഫെസിലിറ്റി റൂം, ക്രീച്ചേ, റെക്രീയേഷൻ റൂം, ഇലക്ട്രിക്കൽ റൂം, മലിനജല ശുചീകരണ പ്ലാന്റ്, സൗരോർജ സംവിധാനം എന്നിവ ഉണ്ടായിരിക്കും.

ലൈറ്റ് ഗേജ്‌ സ്റ്റീൽ ഫ്രെയിം ഘടകങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള പ്രീ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇരു ഭവന സമുച്ചയങ്ങളുടെയും നിർമ്മാണം. ആറുമാസമാണ് നിർമ്മാണ കാലാവധി.

പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ ഒന്നാം ഘട്ടത്തിൽ ഏറ്റെടുത്ത 55 വീടുകളും രണ്ടാംഘട്ടത്തിൽ ഏറ്റെടുത്ത 66 വീടുകളിൽ 56 വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്.

date

You might also like

Comments are closed.