തൃശൂർ; ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടിക്ക് മുറ്റത്തെ മുല്ല ലഘു വായ്പ പദ്ധതിയുടെ ലാഭവിഹിതം കൊണ്ട് 34 ഇഞ്ചിന്റെ എൽ ഇ ഡി ടി വി വാങ്ങി നൽകി മാതൃകയാവുകയാണ് കൊരട്ടി 17-ാം വാർഡിലെ ഗോൾഡൻ കുടുംബശ്രീ.
പത്തൊൻപതാം വാർഡിൽ താമസിക്കുന്ന പുളിയ്ക്കൽ ജോബിയുടെ മകൻ ജോയൽ ജോബിക്കാണ് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന കാര്യം മനസിലാക്കി ഗോൾഡൻ കുടുംബശ്രീ ടി വി സമ്മാനിച്ചത്. കൊരട്ടി എം എ എം എച്ച് എസ് സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ജോയൽ. ഡിഗ്രി വിദ്യാർത്ഥിനിയായ റോസ് മോൾ, അമ്മ ലൂസി ജോബി എന്നിവരടങ്ങുന്നതാണ് ജോയലിന്റെ കുടുംബം. വിവിധ ഷോപ്പുകളിൽ സെയിൽസ് മാനായി ജോലി ചെയ്യുകയാണ് ജോബി. ഭാര്യ സന്ധിവാതത്തെ തുടർന്ന് ചികിത്സയിലാണ്. ഇവരുടെ വീടിന്റെ അവസ്ഥയും പരിതാപകരമാണ്. തന്റെ ചെറിയ വരുമാനം കൊണ്ട് കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുകയാണ് ജോബി. പരിചയക്കാർ നൽകിയ പഴയ ടി വിയിലാണ് കുട്ടികൾ ഓൺലൈൻ പഠന ക്ലാസുകൾ കണ്ടിരുന്നത്. എന്നാൽ പഴയ ടി വി കേടായതിനെത്തുടർന്ന് ഓൺലൈൻ പഠനം മുടങ്ങുകയായിരുന്നു. ഈ അവസ്ഥ മനസിലാക്കിയ ഗോൾഡൻ കുടുംബശ്രീ പ്രവർത്തകർ ജോയലിന് പഠിക്കാനായി സഹകരണ ബാങ്ക് മുഖേന സർക്കാർ നടപ്പിലാക്കിയ മുറ്റത്തെ മുല്ല ലഘു വായ്പ പദ്ധതിയിലൂടെ ലഭിച്ച ലാഭവിഹിതത്തിന്റെ പങ്ക് മാറ്റിവെക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ സ്മാർട്ട് ടി വി ജോബിക്ക് കൈമാറി. പഞ്ചായത്ത് അംഗം സൗമ്യ രാജേഷ്, സി ഡി എസ് ചെയർപേഴ്സൺ ബേബി ഉണ്ണി, ഗോൾഡൻ കുടുംബ ശ്രീ പ്രസിഡന്റ് സ്റ്റെല്ല വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Comments are closed.