Times Kerala

ഇടനിലക്കാരെ ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യവിപണനം ലക്ഷ്യം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

 
ഇടനിലക്കാരെ ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യവിപണനം ലക്ഷ്യം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആലപ്പുഴ: ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കിക്കൊണ്ട് ഗുണനിലവാരമുള്ള മത്സ്യം മത്സ്യവ്യാപാരികൾ വഴി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ. ഹാർബർ ടു മർക്കെറ്റ് എന്ന പദ്ധതിയാണ് ഇതിനായി മത്സ്യഫെഡിന്റെ സഹകരണത്തോടുകൂടി ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ഇത്തരത്തിൽ പദ്ധതി നടപ്പാക്കുമ്പോൾ പഞ്ചായത്ത്‌ തലങ്ങളിൽ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള മത്സ്യമാർക്കെറ്റുകൾ പ്രവർത്തനം ആരംഭിക്കേണ്ടി വരും. അതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഹിക്കേണ്ട പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. കരുവാറ്റയിൽ മത്സ്യഫെഡിന്റെ ഫിഷ് മാർട്ടും മത്സ്യസംഭരണകേന്ദ്രവും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇത്തരത്തിൽ മത്സ്യമാർക്കറ്റുകൾ ആരംഭിക്കുമ്പോൾ പ്രാദേശിക കച്ചവടക്കാർക്ക് യാതൊരു തരത്തിലുള്ള ദോഷവും ഉണ്ടാവുകയില്ല. പകരം അവർക്ക് ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കിക്കൊണ്ട് ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാവുകയും അത് ന്യായവിലക്ക് ജനങ്ങളിലേക്കെത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യഫെഡിന്റെ ‘ഹാർബർ ടു മാർക്കെറ്റ്’ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം നേരിട്ട് അവരിൽനിന്ന് സംഭരിച്ച് ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് വേണ്ടി ജില്ലയിൽ ആരംഭിക്കുന്ന രണ്ടാമത്തെ ഫിഷ് മാർട്ടും ജില്ലയിലെ ആദ്യത്തെ മത്സ്യസംഭരണ കേന്ദ്രവുമാണ് കരുവാറ്റയിലേത്. ജില്ലയിലെ മത്സ്യതൊഴിലാളി സഹകരണ സംഘങ്ങൾ വഴി സംഭരിക്കുന്ന മത്സ്യം ഈ മത്സ്യസംഭരണ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ഇവിടെ നിന്നും വൃത്തിയാക്കിയ മത്സ്യം കൃത്യമായ അളവിൽ ഗുണമേന്മ നഷ്ടപ്പെടാതെ വിപണനം നടത്തുകയും ചെയ്യും.

പച്ച മത്സ്യത്തിന് പുറമെ മത്സ്യ അച്ചാറുകൾ, മത്സ്യ കട്ലറ്റ്, റെഡി ടു ഈറ്റ് ( ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തിപ്പൊടി ), മത്സ്യകറിക്കൂട്ടുകൾ, കയ്റ്റോൺ ഗുളികകൾ തുടങ്ങിയവയും ഈ മത്സ്യ മാർട്ട് വഴി ലഭ്യമാവും. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് മത്സ്യ മാർട്ടിന്റെ പ്രവർത്തന സമയം.

കരുവാറ്റ കടുവം കുളങ്ങര ബസ് സ്റ്റോപ്പിന് സമീപമാണ് ഫിഷ് മാർട്ട് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അധ്യക്ഷത വഹിച്ചു. ന്യായ വിലയിൽ ഗുണനിലവാരമുള്ള മത്സ്യം ജനങ്ങൾക്ക് ലഭ്യമാക്കുന്ന മത്സ്യഫെഡിന്റെയും ഫിഷറീസ് വകുപ്പിന്റെയും പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കരുവാറ്റ ഗ്രാമപഞ്ചായത്ത്‌ പ്രഡിഡന്റ് സി സുജാതക്ക് മത്സ്യം കൈമാറിക്കൊണ്ട് ആദ്യ വിൽപ്പനയും രമേശ്‌ ചെന്നിത്തല നിർവഹിച്ചു. മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ലോറൻസ് ഹറോൾഡ്, മത്സ്യഫെഡ് ജില്ലാ മാനേജർ കെ സജീവൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ്, ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, കരുവാറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുരേഷ് കളരിക്കൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story