Times Kerala

തൃശൂർ പടിഞ്ഞാറെകോട്ട ഷോപ്പിംഗ് കോംപ്ലക്സും ഫ്ളാറ്റും ഉദ്ഘാടനം ചെയ്തു

 
തൃശൂർ പടിഞ്ഞാറെകോട്ട ഷോപ്പിംഗ് കോംപ്ലക്സും ഫ്ളാറ്റും ഉദ്ഘാടനം ചെയ്തു

തൃശൂർ: നിര്‍മ്മാണം പൂര്‍ത്തീകരിച്ച എ.എം. പരമന്‍ മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ഉദ്ഘാടനവും ദിവാന്‍ജിമൂല മേല്‍പ്പാല നിര്‍മ്മാണത്തിനായി സ്ഥലം വിട്ടുനൽകിയവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഫ്ളാറ്റുകളുടെ താക്കോല്‍ ദാനവും കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കരാറുകാരനായ മിജോയ് മാമുവിനെ മന്ത്രി ശ ആദരിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷയായി. പ്രധാന 6 ഇടവഴികള്‍ കേന്ദ്രീകരിക്കുന്ന പടിഞ്ഞാറെ കോട്ട ജംഗ്ഷന്‍റെ വികസനത്തിനായി പടിഞ്ഞാറെ കോട്ട മുതല്‍ ജില്ലാഭരണ സിരാകേന്ദ്രമായ കളക്ട്രേറ്റു വരെ മോഡല്‍ റോഡിന്‍റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ജംഗ്ഷന്‍ വകസനം പൂര്‍ണ്ണമായിരുന്നില്ല. ഈ വികസനത്തിന് സ്ഥലം വിട്ടു നൽകിയ 10 കുടുംബങ്ങളെ പടിഞ്ഞാറെ കോട്ട കാല്‍വരി റോഡില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച് പുനരധിവസിപ്പിച്ചു.

പടിഞ്ഞാറെ കോട്ട വികസനം പൂര്‍ത്തീകരിക്കുന്നതിന് പടിഞ്ഞാറെ കോട്ടയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള 16 കടക്കാരെയും പുനരധിവസിപ്പിക്കുന്നതിനായി പടിഞ്ഞാറെ കോട്ട ജംഗ്ഷനില്‍ തന്നെ അതിനായുള്ള സ്ഥലം കണ്ടെത്തി. ഗ്രൗണ്ട് ഫ്ളോര്‍ അടക്കം 3 നിലകളിലായി കടമുറികളും നാലാമത്തെ നിലയില്‍, ദിവാന്‍ജിമൂല മേല്‍പ്പാലം അപ്രോച്ച് റോഡിന് സ്ഥലവും വീടും വിട്ടുതന്നവരെ പുനരധിവസിപ്പിക്കുന്നതിനായി 6 ഫ്ളാറ്റും ഉള്‍പ്പെടെ 4കോടി 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീ കരിച്ചിരിക്കുകയാണ്. ദീര്‍ഘകാലം മുന്‍സിപ്പല്‍ കൗണ്‍സിലറും എം.എല്‍.എ. യുമായിരുന്ന എ.എം. പരമന്‍റെ നാമധേയമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി. മുന്‍ മേയര്‍ അജിത വിജയന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എല്‍. റോസി, ശാന്ത അപ്പു, ഡി.പി.സി. മെമ്പര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ അനൂപ് ഡേവിസ് കാട, സതീഷ് ചന്ദ്രന്‍ , രജനി വിജു ,സുനിത വിനോദ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Topics

Share this story