Times Kerala

കൃഷി അഭിമാനകരമായ ജീവിതമാർഗ്ഗമായി മാറ്റാൻ കഴിഞ്ഞു: മുഖ്യമന്ത്രി

 
കൃഷി അഭിമാനകരമായ ജീവിതമാർഗ്ഗമായി മാറ്റാൻ കഴിഞ്ഞു: മുഖ്യമന്ത്രി

കൃഷി അഭിമാനകരമായ ജീവിതമാർഗമായി മാറ്റാൻ കഴിഞ്ഞത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാസമ്പന്നരായ യുവതലമുറ കൃഷിയിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യയും നൂതന രീതികളും കേരളത്തിലെ കാർഷികമേഖലയിൽ ഇന്ന് വ്യാപകമാണ്. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പച്ചക്കറികൃഷി ചെയ്യാത്ത കുടുംബങ്ങൾ കുറവാണ്.

ജനങ്ങളുടെ താല്പര്യവും സർക്കാരിന്റെ പിന്തുണയും ഒത്തുചേർന്നാൽ കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 16 ഇനം പച്ചക്കറികൾക്ക് തറവില നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നവംബറിൽ ഇത് നടപ്പാകും. ഈ പദ്ധതി ഇന്ത്യയിൽ ആദ്യമാണ്.

കൃഷി വികസനത്തോടൊപ്പം കർഷകന്റെ കുടുംബഭദ്രത ഉറപ്പാക്കുന്നതിന് കർഷക ക്ഷേമ ബോർഡ് അടുത്ത മാസം പ്രവർത്തനമാരംഭിക്കും. കർഷകനും കുടുംബത്തിനുമുള്ള പെൻഷൻ, ഇൻഷൂറൻസ്, മക്കളുടെവിദ്യാഭ്യാസത്തിനുള്ള സഹായം, വിധവാ ധനസഹായം തുടങ്ങിയവയെല്ലാം ഈ ബോർഡിലൂടെ ലഭ്യമാക്കും.

ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിന്റെ പച്ചക്കറി ഉൽപാദനം 6.28 ലക്ഷം ടണ്ണായിരുന്നു. ഇപ്പോൾ അത് 15 ലക്ഷം ടണ്ണായി വർധിച്ചു. 2016-17ൽ 52,830 ഹെക്ടറിലായിരുന്നു പച്ചക്കറി കൃഷി ചെയ്തിരുന്നത്. അത് 96,000 ഹെക്ടറായി വർധിപ്പിക്കാൻ കഴിഞ്ഞു. സവാള, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള ശീതകാല പച്ചക്കറികളുടെ ഹബ്ബായി വട്ടവട, കാന്തല്ലൂർ മേഖലകളെ മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങി പ്രകൃതിക്ക് ദോഷകരമായ മരങ്ങൾ മുറിച്ചുമാറ്റിയാണ് ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചത്.

പച്ചക്കറികൃഷി വ്യാപിക്കുന്നതിന് സംസ്ഥാനത്താകെ മഴമറ യൂണിറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മഴമറയുണ്ടെങ്കിൽ 365 ദിവസവും പച്ചക്കറി കൃഷി ചെയ്യാൻ കഴിയും. ഈ വർഷം 1118 മഴമറ യൂണിറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. 100 ചതുരശ്ര മീറ്ററുള്ള മഴമറയ്ക്ക് സർക്കാർ അര ലക്ഷം രൂപ സബ്‌സിഡി നൽകുന്നുണ്ട്. അടുത്ത വർഷം 1000 യൂണിറ്റുകൾ കൂടി സംസ്ഥാനത്ത് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

നെൽകൃഷിയിലും നമുക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. നെൽകൃഷിയുടെ വിസ്തൃതി 4 വർഷത്തിനുള്ളിൽ 1.92 ലക്ഷം ഹെക്ടറിൽ നിന്ന് 2.2 ലക്ഷം ഹെക്ടറായി വർധിപ്പിക്കാൻ കഴിഞ്ഞു. 50,000 ഏക്കർ തരിശുനിലമാണ് ഈ കാലയളവിൽ നെൽകൃഷിക്കായി മാറ്റിയെടുത്തത്. രാജ്യത്ത് ഏറ്റവും ഉയർന്ന സംഭരണ വില നൽകി നെല്ല് സംഭരിക്കുന്നത് കേരളത്തിലാണ് – 27.48 രൂപ.

സംഭരണത്തിൽ നാലു വർഷത്തിനിടയിൽ 28 ശതമാനം വർധനവുണ്ടായി. ഈ വർഷം 7.1 ലക്ഷം ടൺ സംഭരിച്ചു. അത് റെക്കോഡാണ്. അടുത്ത വർഷം പത്തുലക്ഷം ടൺ സംഭരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തൃശൂർ, പൊന്നാനി കോൾപ്പാടങ്ങളുടെ വികസനത്തിന് 298 കോടിയുടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Topics

Share this story