Nature

നരേന്ദ്ര മോദിക്ക് നാളെ 70-ാം പിറന്നാള്‍; കോയമ്പത്തൂർ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ 70 കിലോ ലഡു വിതരണം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാളെ 70-ാം പിറന്നാള്‍. ഇതിന്റെ ഭാഗമായി രാജ്യമെമ്പാടും ഒരാഴ്ച നീളുന്ന ‘സേവാ സപ്താഹ്’ പരിപാടികള്‍ക്ക് ബിജെപി തുടക്കം കുറിച്ചു. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് കോയമ്പത്തൂരിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ 70 കിലോഗ്രാം ലഡു ബിജെപി പ്രവര്‍ത്തകര്‍ വിതരണം ചെയ്‌തു. ക്ഷേത്രത്തിന് പുറത്ത് പ്രധാനമന്ത്രിയുടെ ചിത്രവും ഉള്‍പ്പെടുത്തി ലഡു പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു ശേഷം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളും നടന്നു.

തുടര്‍ന്ന് ക്ഷേത്രത്തിലെത്തിയവര്‍ക്ക് ഉള്‍പ്പെടെ ലഡു വിതരണം ചെയ്താണ് പ്രിയപ്പെട്ട നേതാവിനോടുള്ള സ്‌നേഹം ബിജെപി പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ വിതരണം, രക്തദാന ക്യാമ്പുകള്‍, നേത്ര പരിശോധന ക്യാമ്പുകള്‍ എന്നിവ സേവാ സപ്താഹിന്റെ ഭാഗമായി വിവിധ മേഖലകളില്‍ നടന്നു വരുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള പാര്‍ട്ടി നേതാക്കള്‍ വിവിധ സാമൂഹിക സേവന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജന്മാദിനാഘോഷത്തോടനുബന്ധിച്ച് നടപ്പാക്കേണ്ട പരിപാടികളെ സംബന്ധിച്ച് എല്ലാ സംസ്ഥാന യൂണിറ്റ് മേധാവികള്‍ക്കും ബിജെപി നേരത്തെ തന്നെ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ 70-ാം പിറന്നാളായതിനാല്‍ 70ന് പ്രാധാന്യം നല്‍കിയുള്ള ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

You might also like

Comments are closed.