Nature

ഡൽഹി കലാപം; 15 പേരെ പ്രതിയാക്കി 17,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡൽഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു. 17,000 പേജ് വരുന്നതാണ് കുറ്റപത്രം. ഡല്‍ഹി കര്‍കര്‍ഡൂമ കോടതിയില്‍ നല്‍കിയിരിക്കുന്ന കുറ്റപത്രത്തില്‍ 15 പ്രതികളാണ് ഉള്ളത്. എല്ലാവര്‍ക്കുമെതിരെ യു.എ.പി.എ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുറ്റപത്രത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ട പതിനഞ്ച് പേര്‍ക്കും പൊതുവായ ഒരു പ്രത്യേകത ഉണ്ട്. എല്ലാവരും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവരാണ്. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ പ്രാദേശിക നേതാവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ താഹിര്‍ ഹുസൈന്‍ ആണ് മുഖ്യപ്രതി. ബാക്കിയെല്ലാവരും വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളുമാണ്.

എന്നാൽ, കേസുമായി ബന്ധപ്പെട്ട്​ ദിവസങ്ങൾക്ക്​ മുമ്പ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത ഉമർ ഖാലിദ്​, ഷർജിൽ ഇമാം എന്നിവരുടെ പേരുകൾ ഇപ്പോൾ സമർപ്പിച്ച കുറ്റപത്രത്തിലില്ല. ഇവരുടെ പേരുകള്‍ അനുബന്ധ കുറ്റപ്പത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

കഴിഞ്ഞ ഫെബ്രുവരിയിലാണ്​ രാജ്യത്തെ പിടിച്ചു കുലുക്കിയ വംശീയാക്രമണം ഡൽഹിയിൽ അരങ്ങേറിയത്. കലാപത്തിൽ നിരവധി വീടുകളും വാഹനങ്ങളും ​മതസ്ഥാപനങ്ങളും അഗ്​നിക്കിരയാവുകയും തകർക്കപ്പെടുകയും ചെയ്​തു. ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ വിവാദ പ്രസംഗത്തിന് ശേഷമാണ് വംശീയ ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.