Nature

എനിയ്ക്ക് ഒരു വയസ്സുള്ളപ്പോഴാണ് ഉമ്മൻ ചാണ്ടി സാർ ഞങ്ങളുടെ എം.എൽ.എ.ആയത്, അദ്ദേഹത്തിന്റെ തണലിൽ വളർന്ന എനിയ്‌ക്കെന്നും കരുത്താണത്: ഉമ്മൻ ചാണ്ടിയുടെ ഏക ജയിൽവാസം, ഓർമ പങ്കുവച്ച് വി.പി സജീന്ദ്രൻ എംഎൽഎ

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിലാണ് കോൺ​ഗ്രസ്.എന്നാൽ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഒരിക്കൽ മാത്രമാണ് ഉമ്മൻ ചാണ്ടി ജയിലിൽ കിടന്നിട്ടുള്ളത്. ഇക്കാര്യം അന്ന് ഉമ്മൻ ചാണ്ടിക്കൊപ്പം ജയിലിൽ സഹതടവുകാരനായിരുന്ന മുൻ കെ.എസ്.യു നേതാവും കുന്നത്തുനാട് എംഎൽഎയുമായ വി.പി സജീന്ദ്രൻ ഫേയ്‌സ്ബുക്കിൽ പങ്കുവയ്ക്കുകയാണ്.

ഫേയ്‌സ്ബുക്ക് കുറിപ്പ് ചുവടെ…

എനിയ്ക്ക് ഒരു വയസ്സുള്ളപ്പോഴാണ് ഉമ്മൻ ചാണ്ടി സാർ ഞങ്ങളുടെ എം.എൽ.എ.ആയത്. ചേട്ടൻമാർ കെ.എസ്.യു. യൂത്തുകോൺഗ്രസ് പ്രവർത്തകർ ആയിരുന്നതിനാൽ തിരഞ്ഞെടുപ്പുകാലത്ത് ഉമ്മൻ ചാണ്ടി യുടെ പോസ്റ്ററുകളും ത്രിവർണ്ണക്കൊടികളും വീട്ടിൽ സ്റ്റോക്ക് ചെയ്താണ് പ്രചാരണത്തിന് കൊണ്ടുപോയിരുന്നത് . പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടി കന്നി വിജയം നേടിയപ്പോൾ ആവേശത്തിലായ എന്റെ ചേട്ടൻ രവീന്ദ്രൻ ഉമ്മൻ ചാണ്ടിയുടെ പോസ്റ്റർ വരാന്തയിലെ ചുമരിൽ പതിപ്പിച്ചു. ചുമരിൽ പതിപ്പിച്ച പോസ്റ്ററുകളൊന്നും പുതുപ്പള്ളിക്കാർക്ക് ഇളക്കേണ്ടി വന്നിട്ടില്ല. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ ജനങ്ങളുടെ ഹൃദയത്തിന്റെ ചുമരിൽ ആ പോസ്റ്ററിലെ മഷിപ്പാടുകൾ മായാതെയുണ്ട്.

1970 ൽ ഇടതു സ്ഥാനാർത്ഥി എം.ജോർജിനെ ഏഴായിരത്തിൽപ്പരം വോട്ടുകൾക്ക് തോൽപ്പിച്ച് ഉമ്മൻ ചാണ്ടി നടന്ന് കയറിയത് നിയമസഭയിലേയ്ക്ക് മാത്രമല്ല, ഞങ്ങൾ പുതുപ്പള്ളിക്കാരുടെ ഹൃദയത്തിലേയ്ക്ക് കൂടിയാണ്! അന്നും ഇന്നും കുഞ്ഞൂഞ്ഞ് ഞങ്ങളുടെ ഹൃദയഭിത്തിയ്ക്കുള്ളിൽ സുരക്ഷിതനാൺ! ഉമ്മൻ ചാണ്ടിസാറിനെ കണ്ടാണ് പുതുപ്പള്ളിയിലെ ഞങ്ങളുടെ തലമുറ കെ.എസ്.യു ആയത്. ചുളുങ്ങാൻ മടിയില്ലാത്ത ഖദറും ഒതുങ്ങാൻ മടിയുള്ള മുടിയും ഞങ്ങളുടെ പൊളിറ്റിക്കൽ ഐക്കൺ ആയി മാറി. പുതുപ്പള്ളിക്കാരൻ എന്ന അന്തസ്സോടെ ശിരസ്സുയർത്തി. ഞങ്ങൾ കെ.എസ്.യു.വിന്റെ നീല പതാക ചേർത്ത് പിടിച്ചത് ഉമ്മൻ ചാണ്ടി എന്ന വികാരത്തെ നെഞ്ചിലേറ്റിയാണ്.

ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലം. 1997 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷാ സമയത്ത് ഏർപ്പെടുത്തിയ പവർകട്ട് പിൻവലിയ്ക്കണം എന്ന ആവശ്യവുമായി ജെ.ജോസഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ മാർച്ചിന് നേരേ പോലീസ് മൃഗീയമായ ലാത്തിച്ചാർജ് നടത്തി. ഇതിനെതിരെ കോട്ടയത്ത് നടത്തിയ പ്രതിഷേധ പ്രകടനം കഴിഞ്ഞ് ഡി.സി.സി.ഓഫീസിൽ എത്തിയ ഞങ്ങളെ ഡി.വൈ.എസ്.പി.യുടെ കാറിന് നേരെ ആക്രമണം നടത്തി എന്നാരോപിച്ച് ഞങ്ങളെ പോലീസ് പിടികൂടുകയും മർദ്ദിയ്ക്കുകയും ചെയ്തു. ഞങ്ങളിൽ നാല് പേരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. എന്നോടൊപ്പം നിബു ജോൺ (പഞ്ചായത്ത് പ്രസിഡന്റ്, പുതുപ്പള്ളി, നാട്ടകം സുരേഷ് (കെ.പി.സി.സി.സെക്രട്ടറി), പി.എ.ഷമീർ (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി) എന്നിവരെയാണ് റിമാൻഡ് ചെയ്ത് കോട്ടയം സബ് ജയിലിലടച്ചത്. ഞങ്ങളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ഉമ്മൻ ചാണ്ടി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് മുമ്പിൽ നിരാഹാര സമരം ആരംഭിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്ത് സബ് ജയിലേയ്ക്ക് കൊണ്ടുവന്നു. ചുറ്റും ആളുകളില്ലാത്ത ലോകം അസാധ്യമായ അദ്ദേഹം സൂപ്രണ്ടിനോട് അഭ്യർത്ഥിച്ച് അവിടെ മറ്റൊരു സെല്ലിൽ കഴിഞ്ഞിരുന്ന ഞങ്ങളെക്കൂടി അദ്ദേഹത്തിന്റെ ഒപ്പം കൂട്ടി.ജയിലിനുള്ളിൽ ഉമ്മൻ ചാണ്ടിയ്‌ക്കൊപ്പം ഞങ്ങളും നിരാഹാരസമരം തുടങ്ങി.

ജയിൽ സൂപ്രണ്ടിന്റെ അനുമതിയോടെ പാലാ കെ.എം.മാത്യു സാറിന്റെ വീട്ടിൽ നിന്ന് എത്തിച്ച ഒരു ബെഞ്ച് മാത്രമായിരുന്നു ഏക സൗകര്യം. 7 ദിവസം ആ ജയിൽവാസം തുടർന്നു. ജയിലിൽ രാവിലെ മുതൽ സന്ദർശകരുടെ തിരക്കായിരുന്നു. അതിനിടയിലും കൃത്യമായി അദ്ദേഹം ഡയറി എഴുതിയിരുന്നു. വൈകിട്ട് പ്രാർത്ഥനയിൽ അദ്ദേഹം പുലർത്തിയ ഏകാഗ്രത ഞങ്ങളേയും സ്വാധീനിച്ചു. ഏത് പ്രതിസന്ധിയും മറികടക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത് കറകളഞ്ഞ ദൈവഭക്തിയാണെന്ന്അ ന്നുതന്നെ ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ആൾക്കൂട്ടമില്ലാത്തിടത്ത് അദ്ദേഹം എങ്ങനെ അസ്വസ്ഥനാകുന്നു എന്നും അന്ന് ഞാൻ അടുത്തുനിന്ന് കണ്ടറിഞ്ഞു.

1998 ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ എന്റെ കന്നിമത്സരത്തിന് കളമൊരുക്കിയത് ഉമ്മൻ ചാണ്ടിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വൈകിട്ട് മിക്കദിവസങ്ങളിലും ഉമ്മൻ ചാണ്ടി വൈക്കത്തെത്തും. തിരഞ്ഞെടുപ്പ് സമ്മർദ്ദത്തെ അനായാസം മറികടക്കുന്നതെങ്ങനെ എന്ന ‘ഉമ്മൻ ചാണ്ടി മാജിക്ക് ‘ 28 കാരനായ എനിയ്ക്ക് പകർന്ന ഊർജം ചെറുതായിരുന്നില്ല. വൈക്കത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അന്ന് ഉമ്മൻ ചാണ്ടി വന്നിരുന്നത് ഒരു സുഹൃത്തിന്റെ ജഥ രജിസ്‌ട്രേഷൻ വണ്ടിയിലായിരുന്നു. ആ വണ്ടിയുടെ ഡ്രൈവർ സലിം, തലയോലപ്പറമ്പിലെ പൊതുയോഗത്തിനിടെ അവിടെ വന്ന സ്ത്രീകളടക്കമുള്ള ചിലരോട് സംസാരിയ്ക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ പെട്ടു. യോഗം കഴിഞ്ഞ്

കാറിൽ കയറിയ സലിമിനോട് അവർ ആരാണെന്ന് അദ്ദേഹം തിരക്കി. ഭാര്യവീട്ടുകാരാണ് എന്ന് സലിം മറുപടി പറഞ്ഞപ്പോൾ ‘ഭാര്യ വീട് തലയോലപ്പറമ്പിലാണെന്ന് എന്തുകൊണ്ട് ഇതുവരെ പറഞ്ഞില്ല ”, എന്ന് ഉമ്മൻ ചാണ്ടി നീരസപ്പെട്ടു.

നാളെത്തന്നെ ബന്ധുവീടുകളിലെല്ലാം ചെന്ന് സജീന്ദ്രനായി വോട്ടഭ്യർത്ഥിയ്ക്കണം എന്ന് കേട്ടപ്പോൾ സലിം പരുങ്ങി. ഭാര്യവീട്ടുകാരുമായി അലോഹ്യത്തിലായതിനാൽ അങ്ങോട്ട് പോകുന്നതിലെ നിസ്സഹായാവസ്ഥ സലിം പ്രകടിപ്പിച്ചു. പിന്നെയും രണ്ടുമൂന്ന് യോഗങ്ങൾ. അതെല്ലാം കഴിഞ്ഞ് രാത്രി 11 മണിയോടെ കാർ കടുത്തുരുത്തിയിലെത്തിയപ്പോൾ വണ്ടി നിർത്തി പുറത്തിറക്കാൻ ഉമ്മൻ ചാണ്ടി സലിമിനോടാവശ്യപ്പെട്ടു. പുറത്തിറങ്ങിയ സലിമിനോട് ഭാര്യവീട്ടുകാരുടെ പിണക്കം മാറ്റിയിട്ട് വണ്ടിയോടിയ്ക്കാൻ വന്നാൽ മതി എന്ന് അദ്ദേഹം കർശനമായി നിർദ്ദേശിച്ചു. സലിമിന് ഓട്ടോയിൽ പോകാനുള്ള പണം നൽകി. എന്നിട്ട് ഉമ്മൻ ചാണ്ടി തനിയെ കാറോടിച്ച് രാത്രി വൈകി പുതുപ്പള്ളിയ്ക്ക് പോയി. ഭാര്യവീട്ടുകാരോടുണ്ടായിരുന്ന പിണക്കം പരിഹരിച്ച് തൊട്ടടുത്ത ദിവസം സലിം അനുസരണയുള്ള കുട്ടിയെപ്പോലെ ഉമ്മൻ ചാണ്ടിയ്ക്ക് മുന്നിലെത്തി. തുടർന്ന് ഭാര്യയുമൊത്ത് ബന്ധുവീടുകളിലെല്ലാം ചെന്ന് സലിം എനിയ്ക്കായി വോട്ടുചോദിയ്ക്കുകയും ചെയ്തു. ‘വോട്ടു ചോദിച്ചതിനേക്കാൾ സന്തോഷം ഭാര്യവീടുമായുള്ള തന്റെ പിണക്കം മാറിയതിലാണ്’, എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞപ്പോൾ സലിമിന്റെ കണ്ണു നിറഞ്ഞത്രെ! ഇക്കാര്യങ്ങൾ പിന്നീട്നിർമ്മാതാവ് ആന്റോ ജോസഫ് പറഞ്ഞാണ് ഞാനറിഞ്ഞത്.‌‌

ഉമ്മൻ ചാണ്ടി എന്ന മനുഷ്യന്റെ കരുതൽ ഒരു ഡ്രൈവറും സ്ഥാനാർത്ഥിയും ഒരുപോലെ അനുഭവിച്ച മുഹൂർത്തമായിരുന്നു അത്!! ആ കരുതലും സ്‌നേഹവും ഞാനടക്കമുള്ള ജനപ്രതിനിധികളും പ്രവർത്തകരും സാധാരണക്കാരും എന്നും അനുഭവിയ്ക്കുന്നുണ്ട്. അൻപത് വർഷങ്ങൾക്കിപ്പുറവും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞാണ്. ഞാനാകട്ടെ കുന്നത്തുനാട്ടിൽ നിന്നുള്ള നിയമസഭാ പ്രതിനിധിയാവുകയും എറണാകുളത് സ്ഥിരതാമസമാക്കുകയും ചെയ്തു. എന്നിട്ടും ഇപ്പോഴും ഞാൻ പുതുപ്പള്ളിയിത്ൽ നിന്നുള്ള കെ.പി.സി.സി.അംഗമാണ്. പുതുപ്പള്ളിയുമായുള്ള എന്റെ പൊക്കിൾക്കൊടി ബന്ധം!! ഉമ്മൻ ചാണ്ടിയുടെ തണലിൽ വളർന്ന എനിയ്‌ക്കെന്നും കരുത്താണത്. ഉമ്മൻ ചാണ്ടിയുടെ നിയമസഭയിലെ അരനൂറ്റാണ്ട് പ്രവർത്തകർ ആഘോഷമാക്കുമ്പോൾ എനിയ്ക്കിത് ആ
കരുതലിന്റേയും സ്‌നേഹത്തിന്റെയും ഗോൾഡൻ ജൂബിലിയാൺ!
എനിയ്ക്ക് മാത്രമല്ല എന്നെപ്പോലെ പതിനായിരങ്ങൾക്കും….

എനിയ്ക്ക് ഒരു വയസ്സുള്ളപ്പോഴാണ് ഉമ്മൻ ചാണ്ടി സാർ ഞങ്ങളുടെ എം.എൽ.എ. ആയത്.ചേട്ടൻമാർ കെ.എസ്.യു.- യൂത്തുകോൺഗ്രസ് പ്രവർത്തകർ…

Posted by VP Sajeendran MLA on Monday, September 14, 2020

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.