Nature

ലോക്ക്ഡൗണിൽ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കാനുള്ള കാരണം വ്യാജവാര്‍ത്തകൾ; കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള കാരണം വ്യാജവാര്‍ത്തകളെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

തൃണമൂല്‍ എംപി മാല റോയുടെ  ചോദ്യത്തിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ എന്തുകൊണ്ടാണ് ലക്ഷക്കണക്കിന് തൊഴിലാളികള്‍ വീട്ടിലേക്ക് നടക്കേണ്ടി വന്നതെന്നും  വഴിയില്‍ മരിക്കേണ്ടി വന്നതെന്നുമാണ് എംപി ചോദിച്ചത്. ലോക്ക്ഡൗണ്‍ കാലത്തെ വ്യാജവാര്‍ത്തകളെ തുടര്‍ന്നുണ്ടായ ആശങ്കയാണ് കുടിയേറ്റ തൊഴിലാളികള്‍ വ്യാപകമായി നാട്ടിലേക്ക് തിരിക്കാന്‍ കാരണമെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് മറുപടി നല്‍കി.

ഭക്ഷണം, വെള്ളം, പാര്‍പ്പിടം എന്നിവ ലഭ്യമാകുമോ എന്ന ഭയം വ്യാജവാര്‍ത്തകള്‍ മൂലം തൊഴിലാളികള്‍ക്കുണ്ടായെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണമോ മറ്റ് സൗകര്യമോ ലഭിക്കാതെ ആരും ബുദ്ധിമുട്ടിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന ദുരിതാശ്വാസ നിധിയിലെ ഫണ്ട് ഉപയോഗിച്ച് വീടില്ലാത്തവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും എല്ലാ സൗകര്യവും ഒരുക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. അതിനായി 11,092 കോടി രൂപ മുന്‍കൂറായി അനുവദിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.