Nature

ഇന്ത്യ–ചൈന തര്‍ക്കം പരിഹരിക്കപ്പെട്ടില്ല; എന്തും നേരിടാന്‍ രാജ്യം തയ്യാർ: രാജ്‌നാഥ് സിങ്

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും എന്തും നേരിടാന്‍ രാജ്യം തയ്യാറാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈനീസ് സൈന്യം ധാരണകള്‍ ലംഘിച്ചുവെന്നും പ്രതിരോധമന്ത്രി പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ എല്‍എസിയില്‍ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കം അംഗീകരിക്കില്ലെന്നും രാജ്നാഥ് സിങ് ലോക്സഭയില്‍ പറഞ്ഞു. സംഘര്‍ഷാവസ്ഥ നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും ഇത്തവണത്തെ സാഹചര്യം വ്യത്യസ്തമാണ്. ഏപ്രിലില്‍ ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. മേയില്‍ ഇന്ത്യയുടെ പട്രോളിങ് സംഘത്തെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. അതിക്രമിച്ച് കടക്കാന്‍ ചൈന ശ്രമിച്ചതാണ് ഗല്‍വാനിലെ ഏറ്റുമുട്ടലിന് കാരണം. ചൈനീസ് ഭാഗത്ത് വലിയ നഷ്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞു. ചൈന സൈനിക വിന്യാസം വര്‍ധിപ്പിച്ചതിന് ആനുപാതികമായി ഇന്ത്യയും സേനാവിന്യാസം കൂട്ടിയിട്ടുണ്ട്. വടക്ക് തെക്കന്‍ മേഖല ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ സംഘര്‍ഷാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.

സഭ സൈന്യത്തിനൊപ്പം നില്‍ക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. അതിനിടെ, ചില കാര്യങ്ങളില്‍ വ്യക്തത തേടാന്‍ പ്രതിപക്ഷത്തെ അനുവദിച്ചില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സഭ വിട്ടിറങ്ങി. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള ബില്‍ ലോക്സഭ ഏകകണ്ഠമായി പാസാക്കി. എന്നാല്‍, എംപി ഫണ്ട് ഒഴിവാക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു.

You might also like

Comments are closed.