Nature

പ്രളയത്തിൽ തകർന്ന കാക്കേരി പാലത്തിന് ഭരണാനുമതിയായി

കോഴിക്കോട്;  കാക്കേരി പാലം നിര്‍മ്മാണത്തിന് 4.6 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ ചാത്തമംഗലം ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കാക്കേരിയില്‍ വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ പറ്റാത്ത ഒരു നടപ്പാലമായിരുന്നു ഉണ്ടായിരുന്നത്. 2018 ലെ പ്രളയത്തില്‍ ഒലിച്ചുപോയതോടെ രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും അറ്റുപോയിരുന്നു.

പാലം നിര്‍മ്മാണത്തിന് 2019-20 വർഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്തിയിരുന്നു. തുടര്‍ന്ന് വിശദമായ എസ്റ്റിമേറ്റും രൂപരേഖയും സര്‍ക്കാരില്‍ സമര്‍പ്പിച്ചതിനെതുടര്‍ന്നാണ് ഇപ്പോള്‍ പാലത്തിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളത്.

സാങ്കേതികാനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ടെണ്ടര്‍ ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പാലങ്ങള്‍ വിഭാഗം എക്സി. എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.