Nature

കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളും മുഖ്യപങ്ക് വഹിക്കുന്നു : മുഖ്യമന്ത്രി

തൃശൂർ;  കോവിഡ് മഹാമാരിയെ നേരിടുന്നതിന് ആരോഗ്യ പ്രവർത്തകർക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളും വലിയ പങ്കുവഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുന്നംകുളത്ത് ഇ കെ നായനാർ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് പ്രതിസന്ധി കാലത്ത് കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ട സമൂഹ അടുക്കള ലോകം ശ്രദ്ധിച്ച ഒന്നാണ്. അതോടൊപ്പം അതിഥിതൊഴിലാളികൾ, അശരണർ, കിടപ്പുരോഗികൾ എന്നിവർക്കുള്ള ക്ഷേമപ്രവർത്തനങ്ങളും നടത്തി നാം മുന്നേറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഊർജ്ജസ്വലമായി പ്രവർത്തിച്ചതോടെ മരണനിരക്കും കുറയ്ക്കുവാനായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏറെ ജാഗ്രത വേണ്ട സമയമാണ്. ഇവിടെ നാം ക്ഷീണിച്ചു പോകരുത്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഹകരിക്കണമെന്നും പോലീസും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുന്നംകുളം നഗരസഭ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് വിവിധങ്ങളായ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വിഭാവനം ചെയ്തത് സംസ്ഥാനത്തിന് മുതൽക്കൂട്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. കുന്നംകുളത്ത് സംസ്ഥാന സർക്കാരിന് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡ് ഒരു കോടി രൂപ മുടക്കി നവീകരിക്കാൻ പദ്ധതിയാരംഭിച്ചിട്ടുണ്ട്. കുന്നംകുളത്തിന്റെ സാഹിത്യകാരൻ സി വി ശ്രീരാമന് വേണ്ടി ഒരു സ്മാരകം നിർമ്മിക്കും. ഇതിന് സ്ഥലം ലഭിക്കുന്ന മുറയ്ക്ക് ഉടൻ പ്രവർത്തനങ്ങൾ ആരംഭിക്കും. 36 കോടി രൂപ ചെലവിൽ അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡ് നവീകരിക്കൽ, ലോക ബാങ്കിന്റെ സഹായത്തോടെ 13 കോടി രൂപ ചെലവിൽ കുന്നംകുളത്ത് ഖരമാലിന്യ സംസ്‌കരണ കേന്ദ്രം, ആർത്താറ്റ് ആരോഗ്യ കേന്ദ്രം, 9.5 കോടി രൂപ ചെലവിൽ കിഴൂർ പോളിടെക്‌നിക് നവീകരണം തുടങ്ങി ഒട്ടേറെ മാതൃകാപദ്ധതികളും സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. കുന്നംകുളത്തെ ഇൻഡോർ സ്റ്റേഡിയം സെപ്റ്റംബർ 30 നകം തുറന്ന് കൊടുക്കുമെന്നും മന്ത്രി എ സി മൊയ്തീൻ അറിയിച്ചു.

ജില്ലാകളക്ടർ എസ് ഷാനവാസ് (ഓൺലൈൻ), നടൻ വി കെ ശ്രീരാമൻ, എഴുത്തുകാരായ ടി ഡി രാമകൃഷ്ണൻ (ഓൺലൈൻ), റഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണൻ, കലാമണ്ഡലം നിർവ്വാഹക സമിതിയംഗം ടി കെ വാസു, ആർക്കിടെക്ചർ ഡോ. ജോത്സ്‌ന റാഫേൽ, നിർമ്മാണ ചുമതല സ്ഥാപന പ്രതിനിധി രമേശൻ പാലേരി, നഗരസഭ വെസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. അസി എക്‌സിക്യൂട്ടീവ് എൻജിനീയർ ഇ സി ബിനയ് ബോസ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർ പേഴ്‌സൻ സീതാരവീന്ദ്രൻ സ്വാഗതവും സെക്രട്ടറി ബി അനിൽ കുമാർ നന്ദിയും പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.