Times Kerala

വൈകല്യ സൗഹൃദ ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

 
വൈകല്യ സൗഹൃദ ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

കാസർകോട് : സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നീലേശ്വരം നഗരസഭ നടപ്പിലാക്കിയ ഭിന്നശേഷിക്കാര്‍ക്കായുള്ള വൈകല്യ സൗഹൃദ ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച പള്ളിക്കരയിലെ വി.വി. അനിതയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു.

നഗരസഭാ പരിധിയില്‍ പദ്ധതിയിലൂടെ ആറ് വീടുകള്‍ക്കാണ് നഗരസഭ ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്ക് സ്വന്തം വീട് എന്നതാണ് പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. ഇതുവരെ നാല് വീടുകള്‍ പൂര്‍ത്തിയാവുകയും രണ്ടെണ്ണം അന്തിമഘട്ടത്തിലുമാണ്. നഗരസഭയുടെ ക്ഷേമകാര്യ സ്ഥിരം സമിതി കൃത്യമായി അവലോകനം നടത്തി നടപടികള്‍ ആവിഷ്‌കരിച്ചതുകൊണ്ടാണ് സമയബന്ധിതമായി വീടുകള്‍ പൂര്‍ത്തീകരിക്കുവാന്‍ നീലേശ്വരത്ത് സാധിച്ചത്.

വീടിന്റെ താക്കോല്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ അനിതക്ക് കൈമാറി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി. രാധ, പി.എം. സന്ധ്യ, പി.പി. മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ കെ.വി. ഉഷ, പി.വി. രാധാകൃഷ്ണന്‍, എം.വി. വനജ തുടങ്ങിയ നഗരസഭാ സംഘവും പള്ളിക്കര പീപ്പിള്‍സ് റീഡിംഗ് റൂം സെക്രട്ടറി കുന്നരുവത്ത് കൃഷ്ണന്‍, എം. ബാബു തുടങ്ങിയവരും സംബന്ധിച്ചു.

Related Topics

Share this story