Times Kerala

ആദ്യ പെൻഷൻ കൈകളിൽ കിട്ടിയ സന്തോഷവുമായി സക്കീന

 
ആദ്യ പെൻഷൻ കൈകളിൽ കിട്ടിയ സന്തോഷവുമായി സക്കീന

എറണാകുളം: കഴിഞ്ഞ 9 വർഷമായി വാടകവീട്ടിലായിരുന്നു താമസം. മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം ഒരു കൊച്ചു വീടിൻ്റെ മൂലയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. മകൾ വീട്ടുവേലക്ക് പോയി കിട്ടുന്നതായിരുന്നു ഏക വരുമാനം. അതുകൊണ്ട് വീട്ടുവാടകയും വീട്ടുകാര്യങ്ങളും കുഞ്ഞുങ്ങളുടെ പഠന കാര്യങ്ങളും നോക്കണം. ഈ സമയത്താണ് സർക്കാരിൻ്റെ ക്ഷേമപെൻഷൻ കിട്ടിത്തുടങ്ങിയത്. അത് ഞങ്ങൾക്കു തന്ന ആശ്വാസം വളരെ വലുതാണ് – കാക്കനാട് വെളിയിൽ വീട്ടിൽ എം.എ സക്കീനയും കുടുംബവും ക്ഷേമ പെൻഷൻ ലഭിച്ചു തുടങ്ങിയതിൻ്റെ സന്തോഷം പങ്കുവയ്ക്കുകയാണ്.

രണ്ടുതവണയേ ആയിട്ടുള്ളൂ എനിക്ക് പെൻഷൻ കിട്ടിത്തുടങ്ങിയിട്ട്. കൊറോണ വന്നതുമൂലം മകൾക്ക് വീട്ടു പണി കുറവാണ്. ഈ സമയത്ത് പെൻഷൻ കിട്ടിയത് ഞങ്ങളുടെ കുടുംബത്തിന് വലിയൊരു ആശ്വാസമാണ്. മകളുടെ വരുമാനം എനിക്ക് മരുന്ന് മേടിക്കാൻ പോലും തികയില്ലായിരുന്നു. ഇനി അങ്ങോട്ട് എനിക്കും ഒരു വരുമാനം ആയല്ലോയെന്നത് ആശ്വാസമാണ്. സർക്കാരിൻറെ ഈ കരുതലിന് നന്ദി എങ്ങനെയാണ് പറയേണ്ടതെന്ന് അറിയില്ല.മറ്റ് വരുമാനമാർഗങ്ങൾ ഇല്ലാത്ത, വയോജനങ്ങൾക്ക് കരുതൽ തന്നെയാണ് സർക്കാരിൻറെ ക്ഷേമപെൻഷനുകൾ എന്ന് സക്കീനയെപ്പോലെയുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ഇത് ലഭിക്കുമ്പോൾ ഇവർക്ക് ലഭിക്കുന്ന സന്തോഷം തന്നെയാണ് യഥാർത്ഥ വിജയവും.

Related Topics

Share this story