Times Kerala

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ഡല്‍ഹിയില്‍

 
പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ഡല്‍ഹിയില്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഒപ്പമാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്. പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് വാര്‍ത്താ സമ്മേളനം. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നതെങ്കിലും പിന്നീട് നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തിനെത്തുകയായിരുന്നു.എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘കുടുംബാധിപത്യത്തെ തകര്‍ത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. ജനാധിപത്യത്തിന്‍റെ ശക്തി നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.ലോകത്തെ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച്‌ നമ്മള്‍ ബോധ്യപ്പെടുത്തേണ്ടതാണ്. പണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നെന്ന പേരില്‍ ഐപിഎല്‍ മാറ്റിയിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍, റംസാന്‍ നടക്കുന്നു, ഐപിഎല്‍ നടക്കുന്നു എല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സര്‍ക്കാരിന്‍റെ മാത്രം നേട്ടമല്ല.’ മോദി പറഞ്ഞു.

മെയ് 23-ന് ബിജെപി ഓഫീസില്‍ നിന്ന് നിങ്ങള്‍ക്ക് മധുരം ലഭിക്കുമെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ മോദി, പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റിയെന്ന് അവകാശപ്പെട്ടു.ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. സാധാരണക്കാരന്‍റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയര്‍ന്നെന്നും, വികസനം വര്‍ദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികള്‍ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.

Related Topics

Share this story