Times Kerala

എന്നെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: കോടിയേരിക്ക് കത്തെഴുതി ജനം ടിവി മുൻ മേധാവി അനിൽ നമ്പ്യാർ

 
എന്നെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: കോടിയേരിക്ക് കത്തെഴുതി ജനം ടിവി മുൻ മേധാവി അനിൽ നമ്പ്യാർ

തിരുവനന്തപുരം: കോടിയേരി ബാലക്യഷ്ണന് തുറന്ന കത്തെഴുതി മാധ്യമപ്രവർത്തകനും ജനം ടിവി മുൻ മേധാവിയുമായ അനിൽ നമ്പ്യാർ. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തന്നെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാണ് കത്തിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട കോടിയേരി,

താങ്കൾ ദീർഘകാലം നിയമസഭയിൽ പ്രതിനിധാനം ചെയ്ത തലശ്ശേരി മണ്ഡലത്തിലെ ഒരു മുൻ വോട്ടറാണ് ഞാൻ. ഒപ്പം താങ്കൾക്ക് വ്യക്തിപരമായി അടുത്തറിയാവുന്ന ഒരു കുടുംബത്തിലെ അംഗം കൂടിയാണ്. ഞാൻ മാധ്യമപ്രവർത്തനത്തിലേക്ക് കടക്കുന്നതിന് മുമ്പ് തുടങ്ങിയ താങ്കളുമായുള്ള സൗഹൃദം ഇപ്പൊഴും അതിൻ്റെ വിശുദ്ധിയിൽ തുടരുന്നുമുണ്ട്. പരസ്പരം അറിയാമെന്നിരിക്കെ, താങ്കൾ സംസ്ഥാന സെക്രട്ടറിയായുള്ള പാർട്ടി സ്വർണ്ണക്കടത്ത്കേ സുമായി ബന്ധപ്പെടുത്തി അനവസരത്തിലും രാഷ്ട്രീയപ്രേരിതമായും ദുഷ്ടലാക്കോടെയും എൻ്റെ പേര് വലിച്ചിഴക്കുന്നതിലെ അമർഷം രേഖപ്പെടുത്താനാണ് ഈ തുറന്ന കത്ത്.

സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യിൽ കസ്റ്റംസ് എൻ്റെ മൊഴിയെടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് എന്നെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള ചില വാർത്തകൾ നിജമാണെന്ന രീതിയിൽ ഫോട്ടോ സഹിതം എഴുതിപ്പിടിപ്പിച്ചിരുന്നു.ഞാൻ പത്രത്തിനെതിരെ വക്കീൽ നോട്ടീസയച്ചിട്ടുണ്ട്.മറുപടി കാത്തിരിക്കുന്നു. വസ്തുതകൾ ബോധ്യപ്പെടുത്താൻ ആഗസ്ത് മാസം ഒമ്പതാം തീയ്യതി ഞാൻ താങ്കളുടെ മൊബൈൽ ഫോണിലേക്ക് വിളിക്കുകയും തൊട്ടടുത്ത ദിവസം താങ്കൾ തിരിച്ചുവിളിച്ച്ദീ ർഘനേരം എനിക്ക് പറയാനുള്ളത് ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്തിരുന്നു. വാർത്താസമ്മേളനത്തിൽ എന്നെക്കുറിച്ചുള്ള ആരോപണങ്ങൾ ഉന്നയിക്കാൻ താങ്കളെ പാർട്ടിയിലെ ചിലർ സമീപിച്ചതായും താങ്കൾ അത് മൈൻ്റ് ചെയ്തില്ലെന്നും അതിലൊന്നും കഥയില്ലെന്ന് താങ്കൾ അവരെ അറിയിച്ചതായും ഫോൺ സംഭാഷണത്തിനിടയിൽ താങ്കൾ പരാമർശിച്ചിരുന്നു.

“ഒരു മാധ്യമ പ്രവർത്തകനാകുമ്പോൾ പലരെയും വിളിക്കും.’കൈരളി’യിലെയും ‘ദേശാഭിമാനി’യിലെയും റിപ്പോട്ടർമാർ സ്വപ്നയെ വിളിച്ചില്ലെന്ന് എങ്ങിനെ പറയാനാവും? അതുകൊണ്ട് നിങ്ങളെ ഞങ്ങൾ ഒരു വിഷയമേയാക്കുന്നില്ലെ” ന്നായിരുന്നു താങ്കളുടെ പ്രതികരണം. യാഥാർത്ഥ്യം താങ്കളെ ബോധ്യപ്പെടുത്താനായതിലുള്ള ചാരിതാർത്ഥ്യത്തോടെയാണ് അന്ന് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.

പക്ഷെ കസ്റ്റംസ് എൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ വാർത്താക്കുറിപ്പിൽ എനിക്കെതിരെ പരുഷമായ പരാമർശങ്ങളുണ്ടായി. ജനം ടിവി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്സം ഘടിപ്പിച്ചു. ഇന്നലെയും ഇന്നും, കസ്റ്റംസ്എൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ അവസാനിപ്പിച്ചത് ദുരൂഹമെന്നൊക്കെ പറഞ്ഞു കൊണ്ടുള്ള പ്രസ്താവനകൾ ഇറക്കിയതായി കണ്ടു. സ്വാഭാവികമായും താങ്കളുടെ അറിവോടെയായിരിക്കുമല്ലോ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പുകൾ പുറത്തിറക്കുന്നത്. ഞാൻ വഴി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയെ ഈ വിവാദത്തിലുൾപ്പെടുത്താനുള്ള വ്യഥാ ശ്രമമാണ് താങ്കൾ നേതൃത്വം നൽകുന്ന പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.

പ്രിയപ്പെട്ട കോടിയേരി, താങ്കൾ നേരത്തെ ഫോണിൽ പരാമർശിച്ചത് പോലെ അതിലൊരു കഥയുമില്ല. സിപിഎം പോലുള്ള ഒരു പ്രസ്ഥാനത്തിന് നിലപാടുകളുടെയും മറുപടികളുടെയും ദൗർല്ലഭ്യമോയെന്ന് അണികൾ ശങ്കിച്ചാൽ അവരെ കുറ്റം പറയാനാവില്ല. ഇത്രയും രാഷട്രീയ പാപ്പരത്തം അനുഭവിക്കുകയാണോ താങ്കളുടെ പാർട്ടി ! തുടരെത്തുടരെ വാർത്താപ്രാധാന്യം നൽകി എന്നെ ഇനിയും ഒരു സംഭവമാക്കി മാറ്റരുതേയെന്ന അഭ്യർത്ഥന മാത്രമേ മുന്നോട്ട് വെക്കാനുള്ളൂ. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം എന്നെ ഒരു കരുവാക്കിയും ഒരു മാധ്യമപ്രവർത്തകൻ്റെ പ്രവർത്തന സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തും അദ്ദേഹമെന്തോ പാതകം ചെയ്തെന്ന് ദ്യോതിപ്പിക്കും വിധം പ്രസ്താവനകളിറക്കുന്നതും അങ്ങ് സെക്രട്ടറിയായുള്ള പാർട്ടിക്ക് ഭൂഷണമല്ല.‌ അങ്ങെന്ന് എടുത്തുപറയാൻ കാരണം കോടിയേരി ബാലകൃഷ്ണൻ മസില് പിടിക്കാത്ത ബോധ്യങ്ങളുള്ള ജനകീയനായ ഒരു നേതാവായത് കൊണ്ടാണ്.

ഞാനൊരു ഇടത്തരം കുടുംബത്തിലെ അംഗമാണെന്ന് മറ്റെല്ലാവരെയുംകാൾ താങ്കൾക്ക് അറിയാമല്ലോ. എൽഐസിയിലെ അസിസ്റ്റൻ്റ് ഉദ്യോഗം വെച്ചാണ് അച്ഛൻ മൂന്ന് മക്കളെയും പഠിപ്പിച്ചത്. അച്ഛൻ്റെ ശമ്പളവും ബാങ്ക് വായ്പയുമുപയോഗിച്ചാണ് മൂവർക്കും പ്രൊഫഷണൽ വിദ്യാഭ്യാസം നൽകിയതും അതുവഴിയവർ സ്വന്തമായി ജോലി സമ്പാദിച്ചതും. മെറിറ്റിൻ്റെ അടിസ്ഥാനത്തിലാണ് പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കെത്തിയതും അന്തസ്സുള്ള ജോലിയിൽ കയറിയതും. കേരള സർവകലാശാലയിൽ നിന്നും രണ്ടാം റാങ്കും ഫസ്റ്റ് ക്ലാസ്സും വാങ്ങിയാണ് ഞാൻ മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻ്റ് ജേണലിസം(MCJ) പൂർത്തിയാക്കി പുറത്തിറങ്ങിയത്. ആരുടെയും ശുപാർശയിലായിരുന്നില്ല ജോലി. ജോലിയിൽ നിന്നുള്ള വരുമാനമല്ലാതെ മറ്റ്ധ നാഗമമാർഗങ്ങളൊന്നുമില്ല.

എൻ്റെ രണ്ട് സഹോദരന്മാരും എംസിഎക്കാരും ബെങ്കളുരുവിൽ മൾട്ടി നാഷണൽ കമ്പനികളിലെ ഉദ്യോഗസ്ഥരുമാണ്. അവർക്ക് സ്വന്തമായി ഒരു സോഫ്റ്റ് വെയർ കമ്പനി തുടങ്ങണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷെ മുടക്കാൻ കോടികൾ കൈയിലില്ല.കോടികൾ എറിയാനും ആരുമില്ല. പറഞ്ഞുവരുന്നത് ഞങ്ങളുടെയൊക്കെ ജീവിതം നേരിൻ്റെ ട്രാക്കിലൂടെയാണ് ഓടിക്കൊണ്ടിരിക്കുന്നത് സഖാവെ. ഇന്നേവരെ അപഭ്രംശം സംഭവിച്ചിട്ടില്ല.

മുഖ്യമന്ത്രി ആവർത്തിക്കുന്നത് പോലെ മടിയിൽ കനമുള്ളവരും ഉപ്പ് തിന്നവരും മാത്രം അന്വേഷണം വരുമ്പോൾ വിയർത്താൽ മതിയല്ലോ. മടിശ്ശീല കാലിയായതിനാലും ഉപ്പ് തിന്നാത്തത്കൊ ണ്ടും ഭയത്തിൻ്റെ കണിക പോലുമില്ല. അതുകൊണ്ട് ആരോപിക്കാനായി മാത്രം എന്നിൽ കുറ്റം ചാർത്തി അപവാദം പ്രചരിപ്പിക്കുന്നത് അങ്ങിടപെട്ട് ഒഴിവാക്കണം. മുഖ്യമന്ത്രി തന്നെ ദേശീയ അന്വേഷണ ഏജൻസികൾക്ക് ഗുഡ് സേട്ടിഫിക്കറ്റ് നൽകിയ സ്ഥിതിക്ക് പാർട്ടി ഈ ഘട്ടത്തിൽ അന്വേഷണത്തെ വിമർശിക്കുന്നത് ശരിയാണോ? നിയമ വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ ശിക്ഷ അനുഭവിക്കട്ടെ, അവർ എത്ര ഉന്നതരായാലും. അവർക്ക് പാർട്ടി കുട ചൂടരുത്.

താങ്കളുടെ പാർട്ടി എന്നും ഉയർത്തിപ്പിടിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച് കൂടി ഒരു വാക്ക് പറയട്ടെ. മാധ്യമപ്രവർത്തകർക്ക് അവരുടെ തൊഴിലിടം നൽകുന്ന പല ആനുകൂല്യങ്ങളുണ്ട്.പരിരക്ഷയുണ്ട്. സ്വാതന്ത്ര്യമുണ്ട്. വാർത്താശേഖരണത്തിൻ്റെ ഭാഗമായി സമൂഹത്തിൻ്റെ വ്യത്യസ്ത തുറകളിലുള്ളവരെ അവർ ബന്ധപ്പെടാറുണ്ട്. കാട്ടുകള്ളൻ വീരപ്പനെ ഇൻ്റർവ്യൂ ചെയ്ത നക്കീരൻ ഗോപാലിനെയും എൽടിടിഇ നേതാവ് വേലുപ്പിളൈ പ്രഭാകരൻ്റെ ടെലിവിഷൻ അഭിമുഖമെടുത്ത അനിതാ പ്രതാപിനെയും ചാപ്പ കുത്തി ഭരണകൂടങ്ങൾ തുറുങ്കിലടച്ചില്ലല്ലോ?

എന്തുകൊണ്ടാ? അവരുടെ തൊഴിലിൻ്റെ ഭാഗമായിട്ടായിരുന്നു ആ കൂടിക്കാഴ്ചകൾ എന്നതുകൊണ്ട് കാട്ടുകൊള്ളയിലും ഭീകരവാദ പ്രവർത്തനത്തിലും ഗോപാലും അനിതയും ഭാഗഭാക്കായെന്ന് വിധിയെഴുതാനാവില്ലല്ലോ. അതിനാൽ സ്വപ്ന സുരേഷിനെ വിളിച്ചു എന്നതിൻ്റെയും അവരുടെ കള്ളമൊഴിയുടെയും അടിസ്ഥാനത്തിൽ എനിക്കെതിരെ കുപ്രചരണങ്ങളിറക്കുന്നതും എന്നെ വേട്ടയാടുന്നതും അവസാനിപ്പിക്കാൻ എന്നെ അടുത്തറിയാവുന്ന അങ്ങ് മുൻകൈയെടുക്കണമെന്ന് അപേക്ഷിക്കുന്നു.

സ്നേഹപൂർവം
അനിൽ നമ്പ്യാർ

Related Topics

Share this story