Nature

‘നയതന്ത്രബാഗ് എന്ന വ്യാജേനയാണ് സ്വര്‍ണം കടത്തിയത്’; കേന്ദ്രത്തെ തിരുത്തി വി. മുരളീധരന്‍

കള്ളക്കടത്ത് സംഘം സ്വര്‍ണം യുഎഇയില്‍ നിന്നെത്തിച്ചത് നയതന്ത്രമാര്‍ഗത്തിലൂടെ തന്നെയെന്ന് ആവര്‍ത്തിച്ച് വി.മുരളീധരന്‍. വി.മുരളീധരനെ തള്ളി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ നിലപാടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ വാദം. നയതന്ത്രബാഗ് എന്ന വ്യാജേനയാണ് സ്വര്‍ണം കടത്തിയത്. യഥാര്‍ഥ നയതന്ത്ര ബാഗായിരുന്നെങ്കില്‍ വിദേശരാജ്യവുമായി കേസാകുമായിരുന്നു.

നയതന്ത്ര ബാഗേജ് എന്നെഴുതി വച്ചാണ് സ്വര്‍ണം കടത്തിയത്. കസ്റ്റംസ് ഇക്കാര്യം അറിയിച്ചപ്പോഴാണ് ബാഗ് തുറന്നു പരിശോധിക്കാന്‍ അനുമതി നല്‍കിയത്. സ്വപ്നയെ രക്ഷിക്കാനും സ്വയം രക്ഷപെടാനും ഉളള വേവലാതിയാണ് മുഖ്യമന്ത്രി പിണറായി വിജനെന്ന് വി മുരളീധരൻ പറഞ്ഞു.

നയതന്ത്രബാഗേജിലാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് ധനകാര്യസഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത് ഇന്ന് ഉച്ചയോടെയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാള്‍ക്ക് ഉന്നതബന്ധമുണ്ടെന്നും പഴുതടച്ച അന്വേഷണം നടക്കുമെന്നും മന്ത്രി വിശദീകരിച്ചു. അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണത്തിന്റെ കണക്കും അദ്ദേഹം വെളിപ്പെടുത്തി.

എന്‍.കെ പ്രേമചന്ദ്രന്‍, ആന്‍റോ ആന്‍റണി, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ ചോദ്യത്തിന് ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ നല്‍കിയ മറുപടി, ജൂലൈയില്‍ കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണര്‍ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തെ നയന്ത്ര ബാഗില്‍ സ്വര്‍ണം കടത്തുന്നതായി സംശയിക്കുന്നുവെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍റെ മേല്‍വിലാസത്തില്‍ വന്ന ബാഗ് പരിശോധിക്കാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. 30.244 കിലോ സ്വര്‍ണം പിടിച്ചെടുത്തു. 16 പേരെ അറസ്റ്റു ചെയ്തു. ഒരു പ്രതിക്ക് ഉന്നത ബന്ധങ്ങളുണ്ട്. എന്നാല്‍ നിഷ്പക്ഷവും പഴുതടച്ചതുമായ അന്വേഷണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ച 11,050 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇതിന് 3,122.82 കോടി രൂപ മൂല്യം വരും. ഈ വര്‍ഷം ഇതുവരെ 103.165 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2018ലാണ്. 4,855 കേസുകള്‍.

 

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.