Nature

ഇപിയുടെ ഭാര്യ ബാങ്കില്‍ എത്തി, ലോക്കര്‍ തുറന്നു; സ്ഥിരീകരിച്ച് ബാങ്ക് അധികൃതര്‍

മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര ബാങ്കില്‍ എത്തിയെന്നും ലോക്കര്‍ തുറന്നെന്നും സ്ഥിരീകരിച്ച് ബാങ്ക് അധികൃതര്‍. മന്ത്രിയുടെ ഭാര്യ കോവിഡ് നിരീക്ഷണത്തിലാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ബാങ്കിന്റെ വിശദീകരണം. പേരക്കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ എടുക്കാനാണ് ബാങ്കില്‍ പോയതെന്നും സെക്കന്‍ഡറി കോണ്‍ടാക്ട് ആയിരുന്നതിനാല്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്നുമാണ് ഇന്ദിരയുടെ പ്രതികരണം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പി.കെ ഇന്ദിര കണ്ണൂരിലെ കേരളാ ബാങ്കിന്റെ പ്രധാന ശാഖയിൽ എത്തിയത്. തന്റെ പേരിലുള്ള ലോക്കർ തുറന്ന് സ്വർണാഭരണം തിട്ടപ്പെടുത്തുകയും സ്ഥിരനിക്ഷേപങ്ങൾ പുതുക്കി തിരിച്ചു പോവുകയും ചെയ്തു. തൊട്ടടുത്ത ദിവസമാണ് മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മന്ത്രിയുടെ ഭാര്യ കോവിഡ് ചട്ടങ്ങൾ ലംഘിച്ചതിനെ ചൊല്ലിയാണ് വിവാദം. മന്ത്രിയുടെ മകൻ ലൈഫ് മിഷൻ പദ്ധതിയിൽ ഇടനിലക്കാരനായി നിന്ന് പണം പറ്റിയെന്ന വാർത്ത വന്നതോടെ, പി.കെ.ഇന്ദിര ലോക്കർ തുറന്നതിലും ആരോപണമുയർന്നു. മന്ത്രിയുടെ ഭാര്യ ബാങ്കിൽ വന്നിരുന്നെന്നും നിരീക്ഷണത്തിൽ ആണെന്ന കാര്യം അറിയില്ലായിരുന്നെന്നും ജനറൽ മാനേജർ എ.അനിൽകുമാർ പറഞ്ഞു.

മന്ത്രി മാത്രമാണ് നിരീക്ഷണത്തിലുണ്ടായിരുന്നതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. സാംപിൾ ശേഖരിച്ചാൽ ഫലം വരുന്നതുവരെ പുറത്തിറങ്ങരുതെന്നാണ് ചട്ടമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.