Nature

‘പൗരനും പിണറായി സർക്കാരും’; പൊലീസിന്റെ അതിക്രൂരത വെളിവാകുന്ന രണ്ട് ചിത്രങ്ങളുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; കുറിപ്പ്

അങ്കമാലിയിൽ മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ശരീരത്തിൽ കയറിയിരുന്ന് മന്ത്രിയുടെ വാഹനം കടന്നുപോകാൻ വഴിയൊരുക്കുന്ന പൊലിസ് ഉദ്യോഗസ്ഥൻ. സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറലായി. കോണ്‍ഗ്രസ് നേതാക്കളും ചലച്ചിത്ര സംവിധായകരുമടക്കമുള്ളവര്‍ ചിത്രം പങ്കുവച്ച് പൊലീസിനെതിരെ വിമര്‍ശനമുന്നയിക്കുന്നു. അമേരിക്കയിൽ കറുത്ത വർഗക്കാരനെ കഴുത്തിൽ കാൽമുട്ടുകൾ അമർത്തി ശ്വാസം മുട്ടിച്ചു കൊന്ന സംഭവവുമായി താരതമ്യം ചെയ്താണ് മിക്കവരും വിമര്‍ശനം ഉന്നയിക്കുന്നത്.

പൊലീസിന്റെ അതിക്രൂരത വെളിവാകുന്ന ചിത്രമെന്നാണ് സൈബർ ഇടങ്ങൾ പറയുന്നത്. അന്ന് മരിച്ചയാൾ പറഞ്ഞ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന വാക്കുകൾ മുദ്രാവാക്യമായി ഉയർത്തി ലോകമാകെ വൻ പ്രക്ഷോഭം ഉയർന്നിരുന്നു. അന്ന് കേരള പൊലീസിൽ നിന്നുപോലും പ്രതിഷേധ സ്വരങ്ങൾ ഉയർന്നുവെന്നും ഇപ്പോൾ ഈ രണ്ടു ചിത്രങ്ങൾ പങ്കുവച്ച് പ്രതിഷേധം രേഖപ്പെടുത്തുന്നു. കോൺഗ്രസ് നേതാക്കളായ പി.സി വിഷ്ണുനാഥും വി.ടി ബൽറാമും കെ.എസ്.ശബരീനാഥനും എല്ലാം സർക്കാരിനും കേരള പൊലീസിനുമെതിരെ അമർഷം രേഖപ്പെടുത്തി രംഗത്തെത്തി.

ആ കുപ്രസിദ്ധ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന പോലീസ് ഭീകരതയുടെ ചിത്രമാണ് കേരളത്തിൽ പുറത്തുവന്നത് എന്നാണ് ചിത്രം പങ്കുവച്ച് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘ജനങ്ങളെ സംരക്ഷിക്കേണ്ടവരാണ് പോലീസ്. എന്നാൽ, നിലവിലെ ആഭ്യന്തര വകുപ്പ്, പാലത്തായിയിലും വാളയാറിലും സ്ത്രീ പീഡകരുടെ സംരക്ഷകരാക്കി പോലീസിനെ മാറ്റി. വിനായകനുൾപ്പടെ നിരവധി പോലീസ് ഭീകരതയുടെ ഉദാഹരണം ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. സൈബർ കേസുകളിൽ ഉൾപ്പടെ കൃത്യമായി കക്ഷിരാഷ്ട്രീയവൽക്കരിക്കപ്പെട്ട രീതിയിലാണ് പോലീസ് വകുപ്പ് ഇടപെടുന്നത്. നിലവിൽ ജലീലിനെപ്പോലെയുള്ള അഴിമതിക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ് അവർ നിലകൊള്ളുന്നത്’. – വിഷ്ണുനാഥ് അതിരൂക്ഷമായി വിമർശിക്കുന്നു.

‘പൗരനും പിണറായി സർക്കാരും’ എന്ന തലക്കെട്ടോടെയാണ് വി.ടി ബൽറാം എംഎല്‍എ ചിത്രം പങ്കുവച്ചത്. സംവിധായകന്‍ അരുണ്‍ ഗോപി അടക്കമുള്ളവരും വിമര്‍ശനവുമായി രംഗത്തെത്തി.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.