Nature

സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളുമെല്ലാം അത്യാധുനികമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്: മന്ത്രി പി തിലോത്തമൻ

ആലപ്പുഴ : സംസ്ഥാനത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളുമെല്ലാം അത്യാധുനിക സൗകര്യങ്ങളോടു കൂടി മികച്ച നിലവാരത്തിൽ ഉയർത്തുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് സർക്കാർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. തണ്ണീർമുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച കിടത്തി ചികിത്സാ കേന്ദ്രത്തിൻറെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യരംഗത്ത് മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ വർഷങ്ങളുടെ പ്രവർത്തനത്തിലൂടെ സർക്കാരിന് സാധിച്ചിട്ടുണ്ട്. കോവിഡിനെതിരെ മികച്ച പ്രവർത്തനങ്ങൾ നടത്താൻ ആരോഗ്യമേഖലയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ആരോഗ്യ മേഖലയിലെ കരുത്താണ് ഇത് തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തണ്ണീർമുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച കിടത്തി ചികിത്സാ കേന്ദ്രം വയലാർ രവി എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വയലാർ രവിയുടെയും കെ.സി വേണുഗോപാലിന്റെയും എംപി ഫണ്ട്‌ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

കെ സി വേണുഗോപാൽ എംപി അധ്യക്ഷത വഹിച്ചു. പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ആശുപത്രിയിൽ കിടത്തി ചികിത്സാ കേന്ദ്രം നിർമ്മിക്കാൻ സാധിച്ചതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് എംപി പറഞ്ഞു. കോവിഡ് കാലത്ത് ആശുപത്രികളെ സജ്ജമാക്കുന്നത് ഏറ്റവും വലിയ കാര്യമാണ്. തണ്ണീർമുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഇനിയും പങ്കാളിയാകുമെന്നും എംപി പറഞ്ഞു.

എ.എം ആരിഫ് എംപി ശിലാഫലകം അനാച്ഛാദനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് 2018-2019 ലാണ് കിടത്തി ചികിത്സക്കായുള്ള പുതിയ കെട്ടിടം എംപി ഫണ്ടിൽ നിന്നും അനുവദിച്ചത്. കെ.സി വേണുഗോപാൽ എം. പി, വയലാർ രവി എം പി എന്നിവരുടെ 50 ലക്ഷം രൂപ വീതം ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.

സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള കിടത്തി ചികിത്സാ കേന്ദ്രമായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇരു നിലകളിലായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ ഡോക്ടർസ് റൂം, നേഴ്‌സുമാർക്കുള്ള വിശ്രമ മുറി, ഫാർമസി റൂം എന്നിവയുമുണ്ട്. ആശുപത്രിയുടെ ചുറ്റുമതിൽ നിർമ്മാണം, സൗന്ദര്യവൽക്കരണം എന്നിവക്കായി ബ്ലോക്ക് പഞ്ചായത്ത്‌ 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രഭ മധു, തണ്ണീർമുക്കം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി എസ് ജ്യോതിസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധുവിനു, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ജയാമണി ടീച്ചർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം സിനിമോൾ സോമൻ, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമാ മദനൻ, തണ്ണീർമുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എ അമ്പിളി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എ തോമസ്, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ശാരി എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.