Nature

യുപിയിൽ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ആരോപണമുന്നയിച്ച പ്രമുഖ വ്യവസായി വെടിയേറ്റ് മരിച്ചു  

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണമുന്നയിച്ച പ്രമുഖ വ്യവസായി വെടിയേറ്റ് മരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ മണിലാല്‍ പഠിധറിനെതിരെ ആരോപണമുയര്‍ത്തിയ ഖനി വ്യവസായി ഇന്ദ്രകാന്ത് ത്രിപാഠിയാണ് മരിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് മഹോബയ്ക്ക് സമീപം ത്രിപാഠിയെ സ്വന്തം കാറില്‍ കഴുത്തില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.

മഹോബയില്‍ മുന്‍ പോലീസ് മേധാവിയായിരുന്ന മണിലാല്‍ പഠിധറിനെതിരെ ത്രിപാഠി വീഡിയോയിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച വീഡിയോയില്‍ മണിലാല്‍ പഠിധര്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്നും തന്നെ ഭീഷണിപ്പെടുത്തുന്നതായും ത്രിപാഠി ആരോപിച്ചിരുന്നു. തന്റെ ജീവന് അപകടം സംഭവിച്ചാല്‍ ഉത്തരവാദി മണിലാലായിരിക്കുമെന്നും ത്രിപാഠി പറഞ്ഞിരുന്നു.

ത്രിപാഠിയ്ക്ക് വെടിയേറ്റ് 24 മണിക്കൂറിനുള്ളില്‍ തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മണിലാലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.  മണിലാലിനെതിരെ വധശ്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ മണിലാലിനെ അറസ്റ്റ് ചെയ്തിട്ടില്ല. ത്രിപാഠിക്കെതിരെ വെടിയുതിര്‍ത്തതാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.