Nature

ആറു വയസുകാരിയെ മദ്യം കുടിപ്പിച്ച സംഭവം; പൊലീസിനെതിരെ ബാലാവകാശ സംരക്ഷണ കമ്മീഷന്‍

എറണാകുളം : ആലുവയില്‍ ആറുവയസുകാരിയെ മദ്യം കുടിപ്പിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനായ എടത്തല പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുബൈര്‍, വനിത പൊലീസ് ഓഫീസര്‍ മഞ്ജു എന്നിവരോടാണ് കമ്മീഷന്‍ മുമ്പാകെ നേരിട്ട് ഹാജരാകാന്‍ നിർദേശിച്ചിരിക്കുന്നത് . ഈ മാസം 22ന് തിരുവനന്തപുരത്തെ ഓഫീസില്‍ ഇവർ ഹാജരാകണം .

കുട്ടിയെ പത്തു തവണയില്‍ അധികം ചോദ്യം ചെയ്തുവെന്നും ബാലാവകാശ സംരക്ഷണനിയമങ്ങള്‍ തെറ്റിച്ച്‌ യൂണിഫോമില്‍ പൊലീസ് എത്തിയെന്നുമുള്ള കുട്ടിയുടെ അമ്മയുടെ പരാതി പരിഗണിച്ചാണ് നടപടി . കഴിഞ്ഞമാസം 24ന് എടത്തല പൊലീസ് സ്റ്റേഷനിലെ എസ് എച്ച്‌ ഒയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും അടങ്ങുന്ന സംഘം രണ്ടു പൊലീസ് ജീപ്പിലായി എത്തിയെന്നു പരാതിയില്‍ പറയുന്നു . ഓഗസ്റ്റ് മാസം 29ന് വീണ്ടും പൊലീസ് എത്തി. എസ് എച്ച്‌ ഒ മുഴുവന്‍ യൂണിഫോമില്‍ മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി വീട്ടിലെത്തി കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു . നാലു മണിക്കൂറോളം കുട്ടിയെ തനിച്ച്‌ മുറിയിലിരുത്തി പൊലീസ് വേഷത്തില്‍ സംഘം ചോദ്യം ചെയ്തതായി അമ്മയുടെ പരാതിയിൽ വ്യക്തമാക്കുന്നു .

ബാലസംരക്ഷണ നിയമമനുസരിച്ച്‌ വനിതാപൊലീസ് സിവില്‍ വേഷത്തില്‍ സൗമ്യമായി കാര്യങ്ങള്‍ കുട്ടിയില്‍ നിന്ന് മനസ്സിലാക്കുകയാണ് വേണ്ടത് . അതോടൊപ്പം പൊലീസ് സംഘത്തിന്റെ വരവ് കേസിലെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തി . ഇരയെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുന്ന രീതിയിലുള്ള പ്രവൃത്തി ആയിരുന്നുവെന്നും ആക്ഷേപമുണ്ട് . ഇത് രണ്ടും ബാലാവകാശ സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. ഇതിന്റ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെയും കമ്മീഷന് മുന്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടത് .

കുട്ടിയുടെ പിതാവിന്റെ സഹോദരിക്ക് എതിരെയാണ് മദ്യം കുടിപ്പിച്ചുള്ള പരാതിയില്‍ കേസ് എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത് . ഇവര്‍ക്കെതിരെ നേരത്തെ കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച കേസും രജിസ്റ്റര്‍ ചെയ്തിരുന്നു . എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല .

You might also like

Comments are closed.