Nature

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിപ്പ് കേസ്; ഇ.ഡി.യും അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു . പോലീസിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റു തെളിവുകളുടെ പകർപ്പും ഇ.ഡി. ശേഖരിച്ചു . കേസുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡി.യ്ക്ക് കൈമാറിയതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമൺ മാധ്യമങ്ങളോട് പറഞ്ഞു .

പോപ്പുലർ ഫിനാൻസ് ഉടമകളിൽനിന്ന് പോലീസ് കണ്ടെടുത്ത സാമ്പത്തിക, ഭൂമി ഇടപാട് സംബന്ധിച്ച രേഖകൾ, ഇലക്ട്രോണിക് തെളിവുകളുടെ പകർപ്പ് തുടങ്ങിയവയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിരിക്കുന്നത് . വരുംദിവസങ്ങളിൽ ഇ.ഡി. ഉദ്യോഗസ്ഥർ പത്തനംതിട്ടയിൽ നേരിട്ടെത്തി പ്രതികളെ ചോദ്യംചെയ്തേക്കുമെന്നാണ് സൂചന .

അതേസമയം, പോപ്പുലർ ഫിനാൻസ് ഉടമകളുടെ അവശേഷിക്കുന്ന ആസ്തി 125 കോടി രൂപയുടേതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് . കോന്നിയിലെ വകയാറിന് പുറമേ തൃശ്ശൂർ, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിലും ഇവർക്ക് നിക്ഷേപമുണ്ടായിരുന്നു . തട്ടിപ്പ് നടത്തി മുങ്ങുന്നതിന് മുമ്പ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും കെട്ടിടങ്ങളും ഫ്ളാറ്റുകളും കുറഞ്ഞവിലയ്ക്ക് വിറ്റഴിച്ചതായും വിവരങ്ങളുണ്ട് . കേരളത്തിന് പുറത്ത് തമിഴ്നാട് , ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലും ഭൂമി വാങ്ങിച്ചിരുന്നു . കഴിഞ്ഞദിവസം ഇവരുടെ പേരിലുള്ള ആഡംബര കാറുകളടക്കം 10 വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

സാമ്പത്തിക തട്ടിപ്പിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതായി കണ്ടെത്തിയതോടെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം . തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിടണമെന്ന് പോലീസ് ആവശ്യപ്പെടും .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.