Times Kerala

കാറളത്ത് കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

 
കാറളത്ത് കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

തൃശ്ശൂർ: കാറളം ഗ്രാമ പഞ്ചായത്തിലെ പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു. പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ വികസന ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം എം. എൽ. എ നിർവഹിച്ചു. കെട്ടിട നിർമ്മാണത്തിനായി ആസ്തി വികസന ഫണ്ടിൽ നിന്ന് 43 ലക്ഷം രൂപയും, പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4,15,000 രൂപയും അടക്കം ആകെ 47,15,000 രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടത്തിയിട്ടുള്ളത്.

വിശാലമായ ഇരിപ്പിട സൗകര്യത്തോട് കൂടിയ ഫ്രണ്ട് ഓഫീസ് റൂം, മൂന്ന് പരിശോധനാ മുറികൾ, ഫാർമസി റൂം, സ്റ്റോർ റൂം, ഫസ്റ്റ് ട്രീറ്റ്‌മെന്റ് റൂം, ശുചിമുറി എന്നീ സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ്കുമാർ എന്നിവർ മുഖ്യാതിഥികളായി. കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമർപ്പണം കാറളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എസ്. ബാബു നിർവഹിച്ചു.

യോഗത്തിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രമ രാജൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രമീള ദാസൻ, ജന പ്രതിനിധികൾ ഡോ. സിജു യൂസഫ് എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ കെ. വി. ധനേഷ് ബാബു സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ് നന്ദിയും പറഞ്ഞു.

Related Topics

Share this story