Nature

ജനകീയ സമരങ്ങളെ കലാപവുമായി എങ്ങനെ ബന്ധിപ്പിക്കാനാകും; ഡൽഹി പോലീസിൻറെ നടപടി രാഷ്ട്രീയ വേട്ടയാടൽ: ആരോപണവുമായി സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഡൽഹി പോലീസിന്റേത് രാഷ്ട്രീയ വേട്ടയാടൽ ആണെന്ന് ആരോപണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസിന്റെ നടപടി. ഡൽഹി പോലീസിന്റെ വിശദീകരണം അംഗീകരിക്കാൻ ആവില്ല. മൊഴിയിൽ പേരുകൾ ഉൾപ്പെടുത്തി പിന്നീട് കീഴ്‌ക്കോടതിയിൽ നിന്ന് പ്രതികളാക്കാനുള്ള ഉത്തരവ് സമ്പാദിക്കുകയാണ് പൊലീസിന്റെ തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ സമരങ്ങളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാനാകും. വിദ്വേഷപ്രസം​ഗകരാണ് യഥാർത്ഥ കലാപകാരികൾ. വിദ്വേഷപ്രസം​ഗകർക്കെതിരെ എന്ത് നടപടിയെടുത്തു. ഡൽഹി പൊലീസ് എന്താണ് ഇതുവരെ അന്വേഷിച്ചതെന്നും യെച്ചൂരി പറഞ്ഞു.

സീതാറാം യെച്ചൂരിയുൾപ്പെടെ ഒമ്പത് പേർ ഡൽഹി കലാപത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് കേസിൽ പൊലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. സീതാറാം യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല അധ്യാപകനും സന്നദ്ധ പ്രവർത്തകനുമായ അപൂർവ്വാനന്ദ്, രാഹുൽ റോയ് എന്നിവരുടെ പേരുകളാണ് ഉള്ളത്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അസംതൃപ്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സമരാനുകൂലികളോട് ഇവർ ആവശ്യപ്പെട്ടുവെന്നാണ് കുറ്റപത്രം പറയുന്നത്. കലാപത്തിന് ആസൂത്രണം ചെയ്തവരെന്ന പേരിൽ ആരുടെയും പേരുകൾ പരാമർശിച്ചിട്ടില്ലെന്നാണ് ഡൽഹി പൊലീസ് ഇതേക്കുറിച്ച് നൽകുന്ന വിശദീകരണം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.