Times Kerala

ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാര്‍ക്ക് ഇനി മുതല്‍ പെട്രോള്‍ ലഭിക്കില്ല

 
ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാര്‍ക്ക് ഇനി മുതല്‍ പെട്രോള്‍ ലഭിക്കില്ല

ന്യൂഡല്‍ഹി: ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാര്‍ക്ക് ഇനി മുതല്‍ പെട്രോള്‍ ലഭിക്കില്ല. ഹെല്‍മറ്റ് ധരിക്കാതെ നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും പെട്രോള്‍ പമ്ബുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ലെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ്. റോഡപകടങ്ങള്‍ കുറച്ച്‌ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ജൂണ്‍ ഒന്ന് മുതല്‍ ഉത്തരവ് നടപ്പിലാകും.

ഹെല്‍മറ്റില്ലാതെ പമ്ബിലെത്തിയാല്‍ പെട്രോള്‍ ലഭിക്കില്ലെന്ന് മാത്രമല്ല, പമ്ബുകളിലെ സിസിടിവി ഉപയോഗിച്ച്‌ വാഹന നമ്ബര്‍ ശേഖരിച്ച്‌ ഉടമയെ കണ്ടെത്തി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം. ഹെല്‍മറ്റ് ഇല്ലാതെ വരുന്നവര്‍ക്ക് പെട്രോള്‍ നല്‍കാതെ വരുമ്ബോള്‍ പമ്ബ് ജീവനക്കാരോട് മോശമായി പെരുമാറിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കാനും നീക്കമുള്ളതായാണ് റിപ്പോര്‍ട്ട്. എല്ലാ പമ്ബുകളിലും മികച്ച നിലവാരത്തിലുള്ള സിസി ടിവി ക്യാമറ സ്ഥാപിക്കാനും അധികൃതര്‍ പമ്ബുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലാ മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ സൂരജ്‍പൂര്‍ കളക്‌ട്രേറ്റില്‍ പമ്ബുടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് ഈ തീരുമാനങ്ങള്‍.

Related Topics

Share this story