Nature

ജലീല്‍ രാജിവയ്ക്കേണ്ട, വിവാദങ്ങള്‍ സര്‍ക്കാരിനെ അട്ടിമറിക്കാൻ; പൂർണ പിന്തുണ നൽകി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ

മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ. പ്രതിപക്ഷ നീക്കം സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. ദുഷ്പ്രചരണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജലീല്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്നും വിവാദങ്ങള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷനീക്കമാണെന്നും പൊളിറ്റ് ബ്യൂറോയും പ്രതികരിച്ചു.

അതേസമയം, എന്‍ഫോഴ്സ്മെന്റ് അന്വേഷണം മന്ത്രിയിലേക്ക് എത്തിയതോടെ സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎം. ജലീലില്‍ നിന്ന് വിവരം തേടിയത് എന്‍ഫോഴ്സ്മെന്റ് മേധാവി വെളിപ്പെടുത്തിയത് അസാധാരണമാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്.

രാജിയാവശ്യം ശക്തമാകുമ്പോഴും മന്ത്രി കെ.ടി.ജലീലിന് സിപിമ്മിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ പൂര്‍ണ പിന്തുണ. ജലീലിലേക്ക് അന്വേഷണം എത്തിയതോടെ സ്വര്‍ണക്കടത്തുകേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയും സിപിഎം തിരിഞ്ഞു. ജലീലിനെ ചോദ്യം ചെയ്തത് എന്‍ഫോഴ്സ്മെന്റ് മേധാവി തന്നെ പുറത്തുവിട്ടത് അസാധാരണമാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രാജ്യവ്യാപകമായി രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്ന് ആക്ഷേപമുള്ള ഏജന്‍സിയാണ് ഇ.ഡി. കോണ്‍ഗ്രസിന്റെ ദേശീയ–സംസ്ഥാന നേതാക്കളെ ഇ.ഡി ചോദ്യം ചെയ്ത്, അറസ്റ്റു ചെയ്തതും സിപിഎം ഓര്‍മിപ്പിക്കുന്നു. അന്ന് എന്‍ഫോഴ്സ്മെന്റ് രാഷ്ട്രീയ ആയുധമാണെന്ന് പറഞ്ഞ കോണ്‍ഗ്രസിന്റെ കേരള ഘടകം ഇന്ന് ബിജെപി തന്നെ ആയെന്നും സിപിഎം ആരോപിച്ചു.

വിവാദ നയതന്ത്ര ബാഗേജുകള്‍ അയച്ചവരെയും കൈപ്പറ്റിയവരെയും ചോദ്യം ചെയ്യാന്‍ പോലും അന്വേഷണത്തിലുള്ള മൂന്ന് കേന്ദ്ര ഏജന്‍സികളും തയ്യാറാകാത്തത് ദുരൂഹമാണ്. ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ വിദേശകാര്യ മന്ത്രാലയം കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തശേഷം തുടര്‍നടപടികളില്ലാത്തതും കസ്റ്റംസ് സംഘത്തില്‍ മാറ്റം വരുത്തിയതും സംശയം സൃഷ്ടിച്ചിട്ടുണ്ട്. നിഷ്പക്ഷ അന്വേഷണം വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.