Times Kerala

2022 ഫുട്ബോള്‍ ലോകകപ്പ് ; ഖത്തറില്‍ രണ്ടാം സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

 
2022 ഫുട്ബോള്‍ ലോകകപ്പ് ; ഖത്തറില്‍ രണ്ടാം സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

2022 ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ ഖത്തര്‍ സജ്ജീകരിച്ച രണ്ടാമത്തെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ നടക്കേണ്ട അല്‍ വക്ര സ്റ്റേഡിയമാണ് ഖത്തര്‍ അമീര്‍ കായിക ലോകത്തിനായി ഹൃദയപൂര്‍വം സമര്‍പ്പിച്ചത്. ഉത്സവ പ്രതീതി നല്‍കിയാണ് അല്‍ വക്ര സ്റ്റേഡിയം ഖത്തര്‍ ഫുട്ബോള്‍ ലോകത്തിനായി തുറന്നുകൊടുത്തത്.

ഏവരെയും കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ഷോയുടെ അകമ്ബടിയോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍ അരങ്ങേറിയത് . ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഔദ്യോഗികമായി സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. നാല്‍പ്പതിനായിരം പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ ഉദ്ഘാടന ദിവസം ഒഴുകിയെത്തിയത് 38,678 പേരാണ്. ഖത്തറിന്‍റെ പൈതൃകം വിളിച്ചോതുന്ന ,പഴയ തലമുറ സമുദ്രവ്യാപാരത്തിനായും മുത്തുവാരലിനായും ഉപയോഗിച്ചിരുന്ന ദൌ ബോട്ടിന്‍റെ ആകൃതിയിലാണ് സ്റ്റേഡിയത്തിന്‍റെ രൂപകല്‍പ്പന. സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണച്ചെലവ് 210 കോടി റിയാലാണ്.

ഫുട്ബോള്‍ ഇതിഹാസങ്ങളായ റോബര്‍ട്ടോ കാര്‍ലോസ്, കഫു, ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോ, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. അല്‍ വക്ര സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടന്ന അമീര്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ അല്‍സദ്ദ് ക്ലബിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ ദുഹൈല്‍ എഫ്സി അമീര്‍ കപ്പ് ചാംപ്യന്മാരായി.

Related Topics

Share this story