Nature

കാത്തിരിപ്പിന് വിരാമം: എടവിലങ്ങ് മത്സ്യ ഉൽപ്പാദക സഹകരണ സംഘത്തിന്റെ സ്ഥലം ഇനി ഫിഷറീസ് വകുപ്പിന്

തൃശൂർ;  നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം എടവിലങ്ങ് മത്സ്യ ഉൽപ്പാദക സഹകരണ സംഘത്തിന്റെ സ്ഥലം ഫിഷറീസ് വകുപ്പിന് നൽകാൻ ഉത്തരവായി. കാര പുതിയ റോഡിലെ എടവിലങ്ങ് മത്സ്യ ഉൽപ്പാദക സഹകരണ സംഘത്തിന്റെ 27 സെൻറ് സ്ഥലമാണ് ഫിഷറീസ് വകുപ്പിന് കൈമാറുവാൻ ഉത്തരവായത്. കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ തഹസിൽദാർ കെ രേവ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരിക്ക് രേഖകൾ കൈമാറി.

വീട് നിർമ്മിച്ച് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നതിനു വേണ്ടിയാണ് എടവിലങ്ങ് മത്സ്യ ഉൽപ്പാദക സഹകരണ സംഘത്തിന്റെ സ്ഥലം ഫിഷറീസ് വകുപ്പ് ഏറ്റെടുക്കുന്നത്. നിയമത്തിൻറെ നൂലാമാലകളിൽ കുടുങ്ങി ഉപയോഗമില്ലാതെ തരിശായി കിടക്കുകയായിരുന്നു ഈ ഭൂമി. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് നിയമ കുരുക്കുകൾ അഴിച്ചു ഭൂമി കൈമാറാൻ സാധിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് വീട് വയ്ക്കുന്നതിന് വേണ്ടി സ്ഥലം ഏറ്റെടുക്കണമെന്നും വീട് നിർമ്മിച്ച് അവർക്ക് നൽകണമെന്നും ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് എംഎൽഎ കത്ത് നൽകിയിരുന്നു. അതിനുശേഷം മന്ത്രിതല യോഗം ചേരുകയും ഏറ്റെടുക്കാൻ ലിക്വിഡേറ്ററെ ഏർപ്പാടാക്കുകയും ചെയ്ത് ഉത്തരവായി. എന്നാൽ സ്ഥലത്തിന് ആവശ്യമായ തുക ലഭിക്കാത്തതിനാൽ ലേല നടപടികൾ റദ്ദാക്കപ്പെട്ടു. പിന്നീട് ലിക്വിഡേഷനിലിരിക്കുന്ന സ്ഥലം ഏറ്റെടുക്കാൻ അന്നത്തെ അംഗങ്ങൾക്ക് നൽകാനുള്ള 5239 രൂപയും അതുപോലെ ഈ സംഘത്തിന്റെ അംഗങ്ങളിൽ നിന്നും പിരിച്ചെടുക്കേണ്ട 8011 രൂപക്ക് കക്ഷികളെ കണ്ടെത്താൻ സാധിക്കാഞ്ഞതും മൂലം നടപടികൾ നിലച്ചുപോയി. വീണ്ടും മന്ത്രിതല യോഗം ചേർന്ന് 1969 ലെ കേരള സഹകരണ സംഘം ആക്റ്റ് 101 പ്രകാരം സ്ഥലമേറ്റെടുക്കാൻ തീരുമാനിച്ചു. 2018 ആഗസ്റ്റ് 14ലെ റിപ്പോർട്ട് പ്രകാരം സ്ഥലമേറ്റെടുക്കാനും ഉത്തരവായി. പക്ഷെ ഇപ്രകാരം സ്ഥലം ഏറ്റെടുത്താൽ സ്ഥലം ലേലം ചെയ്ത് പണം അംഗങ്ങൾക്ക് വിതരണം ചെയ്യാനേ സാധിക്കൂ എന്നതിനാൽ, എം എൽ എ ഇടപെട്ട് വീണ്ടും മന്ത്രിതല യോഗം വിളിക്കുകയും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുള്ള അവകാശ ആക്ടും ചട്ടങ്ങളും പ്രകാരം പൊതു താൽപര്യാർത്ഥം ഈ സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. ഇതിൻറെ അടിസ്ഥാനത്തിൽ ഫിഷറീസ് മന്ത്രി കളക്ടറോട് സ്ഥലം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും സ്ഥലംതീരദേശവാസികൾക്ക് വീടുവയ്ക്കാൻ വിട്ടു നൽകുവാനും കളക്ടറോട് ആവശ്യപ്പെട്ടു. തുടർന്ന് 2016ൽ തുടങ്ങിയ നിയമ പോരാട്ടത്തിനൊടുവിൽ 2020 ൽ കളക്ടർ ഈ സ്ഥലം ഏറ്റെടുത്ത് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന് കൈമാറുന്നതിന് ഉത്തരവായി. ഇതിനോടകം ഈ പ്രദേശത്ത് എം എൽ എയുടെ സംഘാടനത്തിൽ ഇരിങ്ങാലക്കുട രൂപതയുടെ സ്‌പോൺസർഷിപ്പിൽ മനോഹരമായ നാല് വീടുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ എം എൽ എ യോടൊപ്പം എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പി ആദർശ്, ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ, ഡെപ്യൂട്ടി തഹസിൽദാർ അജിത, എടവിലങ്ങ് വില്ലേജ് ഓഫീസർ ഫിലോമിന എം എസ് തുടങ്ങിയവർ പങ്കെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.