Nature

ഏകജാലക സംവിധാനം അനുഗ്രഹമായി: നാല് വര്‍ഷത്തിനിടെ 3,604.70 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

തിരുവനന്തപുരം: ഏകജാലക ബോര്‍ഡ് വഴി വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്ന പ്രക്രിയ സംസ്ഥാന സര്‍ക്കാര്‍ പുനര്‍സംവിധാനം ചെയ്ത് സുഗമമാക്കിയപ്പോള്‍ കഴിഞ്ഞ നാലു വര്‍ഷത്തില്‍ 3,604.70 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു. ഇവയിലൂടെ 34,786 തൊഴിലവസരങ്ങളും സൃഷ്ടിച്ചു കഴിഞ്ഞു.

അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാനാണ് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയത്. 1999 ല്‍ പാസാക്കിയ ഈ നിയമപ്രകാരം അനുമതി ലഭിക്കുന്നതിന് 45 ദിവസത്തെ സമയമാണ് നിഷ്കര്‍ഷിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അതില്‍ ഭേദഗതി വരുത്തി കാലയളവ് 30 ദിവസമാക്കി കുറച്ചു. ഈ വ്യവസായ സൗഹൃദ നടപടി ഫലം കണ്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2016 ജൂണ്‍ മുതല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഏകജാലക ബോര്‍ഡ് 12 തവണ യോഗം ചേര്‍ന്ന് വിവിധ അനുമതികളില്‍ തീരുമാനമെടുത്തു. 3,604.70 കോടി രൂപയുടെ 29 പദ്ധതികള്‍ക്കാണ് ഇക്കാലയളവില്‍ അനുമതി നല്‍കിയത്. 15 കോടിയലധികം നിക്ഷേപസാധ്യതയുള്ള വ്യവസായങ്ങള്‍ക്കാണ് ഏകജാലക സംവിധാനം വഴി ദ്രുതഗതിയില്‍ അനുമതി ലഭിക്കുന്നതെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍(കെഎസ്ഐഡിസി) മാനേജിംഗ് ഡയറക്ടര്‍ ശ്രീ എസ് ഹരികിഷോര്‍ ഐഎഎസ് പറഞ്ഞു.

പ്രസ്റ്റീജ് ഗ്രൂപ്പിന്‍റെ 750 കോടി രൂപയുടെ വാണിജ്യ പദ്ധതി, 539 കോടി രൂപ ചെലവില്‍ ബിലീവേഴ്സ് ചര്‍ച്ച് നിര്‍മിക്കുന്ന 1500 കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, ലേക് ഷോര്‍ ആശുപത്രിയുടെ 363.50 കോടി രൂപയുടെ വികസന പദ്ധതി, പിറ്റിഎല്‍ എന്‍ട്രപ്രൈസസിന്‍റെ 250 കോടി രൂപയുടെ വികസന പദ്ധതി, കിംസ്ഹെല്‍ത്ത് കെയര്‍ മാനേജ്മെന്‍റിന്‍റെ 210 കോടി രൂപയുടെ വികസന പദ്ധതി, എന്നിവ ഇങ്ങനെ അനുമതി കൊടുത്ത പദ്ധതികളില്‍ പെടുന്നു. ഇവയിലൂടെ 34,786 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആരോഗ്യപരിരക്ഷ, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസംസ്ക്കരണം, ഖനനം, ഉത്പാദനം, വസ്ത്രനിര്‍മ്മാണം മുതലായ മേഖലകളിലാണ് പദ്ധതികള്‍ തുടങ്ങുന്നത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.