Nature

രാജ്യത്തെ ക്ഷീര കർഷകർക്കായി ‘ഇ-ഗോപാല’ ആപ്പ്

ന്യൂഡൽഹി: രാജ്യത്തെ ക്ഷീര കർഷകർക്ക് കൈത്താങ്ങാകാൻ ഇ-ഗോപാല ആപ്പുമായി കേന്ദ്ര സർക്കാർ. മികച്ച ഇനം കന്നുകാലികളെ തിരഞ്ഞെടുക്കാനും അവയുടെ പരിപാലനത്തിലും കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് ഇ- ഗോപാല ആപ്പ് അവതരിപ്പിച്ചത്. കന്നുകാലി കർഷകരുടെ ഡിജിറ്റൽ മീഡിയയായി ആപ്പ് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കന്നുകാലികളുടെ ആരോഗ്യവും ഭക്ഷണക്രമവും ഉത്പാദനവും ഉൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമായി ഉൾപ്പെടുത്തിയാണ് ഇ- ഗോപാല പ്ലാറ്റ്ഫോം തയ്യാറാക്കിയത്. നല്ല ഇനത്തിലുള്ള കന്നുകാലികളുടെ പരിചരണത്തിൽ അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏതാനും വർഷങ്ങളായി സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഈ വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ. അതിന്റെ ഫലമാണ് ഇ-ഗോപാല ആപ്പ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഉയർന്ന നിലവാരത്തിലുള്ള കന്നുകാലികളെ കണ്ടെത്താൻ ഇത് കർഷകരെ സഹായിക്കും. ഈ ഘട്ടങ്ങളിലെല്ലാം ഇടനിലക്കാരെ ഒഴിവാക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഉത്പന്നങ്ങളും പുതിയ ആശയങ്ങളും കൂട്ടിച്ചേർത്ത് രാജ്യത്തെ ക്ഷീരമേഖലയെ നവീകരിക്കാൻ സർക്കാർ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കൊറോണ പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട ധാരാളം പേർ ഉപജീവനത്തിനായി ഇന്ന് കന്നുകാലി വളർത്തലിലേക്ക് തിരിയുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് തന്നെ മികച്ചയിനം കന്നുകാലികളെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന മിഷൻ ഗോകുൽ പദ്ധതി പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കുളമ്പ് രോഗമുൾപ്പെടെ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ 50 കോടിയിലധികം കന്നുകാലികൾക്ക് സൗജന്യ വാക്സിനേഷൻ നൽകുന്നതിനും തുടക്കമായതായി പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ 10 കോടിയിലധികം കർഷകരുടെ അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് നേരിട്ട് പണം ട്രാൻസ്ഫർ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.