Times Kerala

അപ്പൂപ്പന്റെ അലക്കിവെച്ച വെള്ളമുണ്ടുടെടുത്ത് ചന്തുവിനെപ്പോലെ തറ്റുടുത്തു.,സിന്ദൂരം എണ്ണയിൽ കലക്കി നെറ്റിയിൽ വലിയൊരു കുറിയിട്ടു.,കൺമഷി കൊണ്ട് അസ്സലൊരു കൊമ്പൻ മീശയും വരച്ചു., ചന്തു റെഡി..; സംവിധായകന്‍ പ്രജേഷ് സെന്‍

 
അപ്പൂപ്പന്റെ അലക്കിവെച്ച വെള്ളമുണ്ടുടെടുത്ത് ചന്തുവിനെപ്പോലെ തറ്റുടുത്തു.,സിന്ദൂരം എണ്ണയിൽ കലക്കി നെറ്റിയിൽ വലിയൊരു കുറിയിട്ടു.,കൺമഷി കൊണ്ട് അസ്സലൊരു കൊമ്പൻ മീശയും വരച്ചു., ചന്തു റെഡി..; സംവിധായകന്‍ പ്രജേഷ് സെന്‍

വടക്കന്‍ വീരഗാഥയിലെ ചന്തുവിനോട് തോന്നിയ ആരാധന തനിക്ക് തല്ലുവാങ്ങിത്തന്ന കഥ പറഞ്ഞ് സംവിധായകന്‍ പ്രജേഷ് സെന്‍. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

മമ്മൂക്കയും ഞാനും തമ്മിൽ

അഥവാ ചന്തു ചതിച്ച കഥ

മറ്റേതൊരു മലയാളിയെയും പോലെ
മമ്മുക്കയുടെ ഏറ്റവും ഇഷ്ടമുള്ള പടം ഏതെന്ന് ചോദിച്ചാൽ എൻ്റെ ആദ്യത്തെ മറുപടി ഒരു വടക്കൻ വീരഗാഥ തന്നെയായിരിക്കും.
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പൊഴാണ് സിനിമ റിലീസാവുന്നത്. നാട്ടിലെ എസ്.എൻ തീയറ്ററിൽ വരുന്നതാവട്ടെ കുറച്ച് ആഴ്ചകൾ കഴിഞ്ഞും.

അന്ന് ശനിയാഴ്ച സെക്കൻ്റ് ഷോക്കാണ് പോവുക.ഞായറാഴ്ച സ്കൂളില്ലല്ലോ. തീയറ്ററിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററേ വീട്ടിലേക്കുള്ളൂ. സിനിമ കണ്ടിട്ട് നടന്നാണ് പോവുന്നത്. അന്നും അങ്ങനെ നടക്കുകയാണ്. പക്ഷേ എന്തോ ഒരു കുഴപ്പം. എന്റെ കാലിന്റെ ഉപ്പൂറ്റി നിലത്തുറക്കുന്നില്ല. നിഴലിൽ വ്യക്തമായി കാണാം. ഞാൻ നടക്കുകയല്ല. കുതിരപ്പുറത്താണ്.
കൂടെ ” ചന്ദനലേപ സുഗന്ധം ” പാട്ടും.
ശ്ശോ ഇനി ചന്തു ദേഹത്തെങ്ങാനും കൂടിയോ. മറ്റാരും ശ്രദ്ധിച്ചില്ലെങ്കിലും എന്റെ നിഴൽ ചന്തുവിനെ നോക്കി ഞാൻ നടന്നു.

വീട്ടിലെത്തി എല്ലാവരും ഭക്ഷണം കഴിച്ച് ഉറങ്ങി. ചന്തുവിനെ ഒരു പോള കണ്ണടക്കാനായില്ല. കുതിരപ്പുറത്ത് നദിക്കരയിലൂടെ പോകുന്ന ചന്തു. അങ്കം വെട്ടുന്ന ചന്തു, ആ സ്വൈര്യക്കേടിൽ നേരം പുലർന്നു. എന്റെ ദേഹം മുഴുവൻ ചന്തുവാണ്.

പിന്നെ ഒന്നും ആലോചിച്ചില്ല.
അപ്പൂപ്പന്റെ അലക്കിവെച്ച വെള്ളമുണ്ടുടെടുത്ത്
ചന്തുവിനെപ്പോലെ തറ്റുടുത്തു.
സിന്ദൂരം എണ്ണയിൽ കലക്കി നെറ്റിയിൽ വലിയൊരു കുറിയിട്ടു.
കൺമഷി കൊണ്ട് അസ്സലൊരു കൊമ്പൻ മീശയും വരച്ചു. ചന്തു റെഡി.

പക്ഷേ കണ്ണാടിയിൽ നോക്കിയപ്പോ ഒരു ലുക്കില്ല. എന്തോ ഒരു കുറവ്.
അരയിൽ കെട്ടാൻ ചുവന്ന കളരിക്കച്ചയില്ല. എന്തു ചെയ്യും?
ഒന്നും ആലോചിച്ചില്ല. അലമാര തുറന്നു.അമ്മയുടെ ചുവന്ന പട്ടുസാരി എന്നെ നോക്കി ചിരിച്ചു. അത് രണ്ടായി മുറിച്ചു. ഒരു കഷ്ണം ഞാനെടുത്തു. ബാക്കി ഭദ്രമായി അവിടെ തന്നെ വച്ചു.
എന്ത് ചെയ്യാൻ അന്നേ ഭയങ്കര കരുതലാണ്. ആവശ്യത്തിനുള്ളതേ എടുക്കൂ.

അങ്ങനെ അരയിൽ ചുവന്ന പട്ടൊക്കെ ചുറ്റി ചന്ദനലേപ സുഗന്ധവും പാടി ചന്തു ഉലാത്തുകയാണ്. അപ്പോഴും എന്തോ ഒരു കുറവ്. കടുത്ത മിസ്സിങ്ങ്.
അതെ എവിടെ ചന്തുവിന്റെ ഉടവാൾ?
അതിനെ വിടെ പോവും?
വീണ്ടും ഐഡിയ.
അപ്പൂപ്പൻ തലയിണക്കിടയിൽ സൂക്ഷിക്കുന്ന ഒരു കത്തിയുണ്ട്.
പണ്ട് പട്ടാളത്തിലായിരുന്നപ്പോൾ കൊണ്ടു വന്നതാണ്. മതി അതു മതി നൈസായിട്ട് പൊക്കി.

ഉടവാൾ ചുഴറ്റി ചന്തു പുറത്തേക്കിറങ്ങി.
നടന്ന് വീടിന്റെ പിന്നാമ്പുറത്തെത്തി.
പക്ഷേ കാലുകൾ നിലത്തുറക്കുന്നില്ല.
എങ്കിലും മുമ്പിൽ കാണ്ട ശത്രുക്കളെ വെട്ടി വീഴ്ത്തി നിഷ്കരുണം.
അര മണിക്കൂർ നീണ്ട ഘോര യുദ്ധം.
എന്നിട്ടും അങ്കക്കലി തീരണില്ല.

അപ്പോഴതാ മുന്നിലൊരാൾ.
ഉണ്ണിയാർച്ചയാണോ. എന്റെ ആർച്ചയാണോ?
കയ്യിൽ ഉറുമിയാണോ?
അല്ല അമ്മയാണ് കയ്യിൽ
വടി പോലെ എന്തോ? അത്രയേ ഓർമ്മയുള്ളു.

ചന്തു കുതിരപ്പുറത്ത് നിന്നിറങ്ങി.
ചുറ്റും നോക്കി.
അങ്കക്കലിയിൽ വെട്ടി വീഴ്ത്തീയത്
വാഴത്തൈകളാണ്. കുലച്ചതു മുണ്ടല്ലോ.
കളരി പരമ്പര ദൈവങ്ങളേ കാത്തോണേ.
അപ്പൂപ്പന്റെ മുണ്ട്, കത്തി
അമ്മയുടെ സാരി
കുലച്ചതടക്കം അകാല ചരമമടഞ്ഞ വാഴകൾ
എല്ലാത്തിനും ഉത്തരം പറയേണ്ടി വന്നു.
ആർച്ചയുടെ അങ്കക്കലിയും
സഹിക്കേണ്ടി വന്നു.
എല്ലാം ചന്തു കാരണം.
നേരിട്ട് കാണുമ്പോൾ
ചോദിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം. തീരുമാനമെടുത്തു.

നേരിൽ കാണാൻ വർഷങ്ങൾ കഴിയേണ്ടി വന്നു.
ദൂരെ മാറി ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു നോക്ക് കണ്ടു.
മനസ്സിൽ ചന്ദനലേപ സുഗന്ധം അലയടിച്ചു.

പിന്നെ കണ്ടത് മാധ്യമ പ്രവർത്തകനായിട്ട്.
ആദ്യമായി ഞാൻ അഭിമുഖമെടുത്ത
ഏറ്റവും വലിയ സിനിമാ താരം മമ്മുക്കയാണ്.
ആദ്യം സഹസംവിധായകനായ ഭാസ്കർ ദ റാസ്ക്കലിലെ നായകനും മമ്മുക്ക.
വളരെ അടുത്ത്.
കയ്യെത്തും ദൂരത്ത് കണ്ടു.
മിണ്ടി.( മനസ്സിൽ ചന്ദനലേപ സുഗന്ധം)
സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോൾ
ക്യാപ്റ്റനിൽ മമ്മുക്കയായി തന്നെ എത്തി. ആ മുഖത്ത് കാമറവെച്ചു ആക്ഷനും കട്ടും പറഞ്ഞു. ജീവിതത്തിലെ വലിയ ഭാഗ്യങ്ങൾ.

നെഞ്ചിൽ എക്കാലവും വീരനായി നിൽക്കുന്ന പ്രിയപ്പെട്ട ചന്തുവിനെ
മമ്മുക്കയെ
ഇനിയും കാണണം.
പറയാനെത്ര കഥകൾ കാണാനെത്ര വേഷപ്പകർച്ചകൾ.
നിറഞ്ഞ സ്നേഹം.
ആദരവ്.

Related Topics

Share this story