Times Kerala

ഗുരുകുല വിദ്യാഭ്യാസം മുതൽ ആധുനിക വിദ്യാഭ്യാസം വരെ

 
ഗുരുകുല വിദ്യാഭ്യാസം മുതൽ ആധുനിക വിദ്യാഭ്യാസം വരെ

ബി.സി. 2000-ത്തിന് മുന്‍പ് വൈദിക കാലഘട്ടത്തിലാരംഭിച്ച ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തോടെയാണ് ഇന്ത്യയിലെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത്. വര്‍ഷങ്ങളോളം ഗുരുവിനോടൊപ്പം ഗുരുവിന്റെ വീട്ടില്‍ താമസിച്ച് ഗുരുവിനെ സഹായിച്ചും ഗുരുവിന്റെ ജീവിതം നിരീക്ഷിച്ചുമായിരുന്നു അക്കാലത്ത് വിദ്യാര്‍ഥികള്‍ വിദ്യ അഭ്യസിച്ചിരുന്നത്. മതത്തിന്റെ ഭാഗമായിരുന്നു അന്നത്തെ വിദ്യാഭ്യാസം. ആധ്യാത്മിക കാര്യങ്ങള്‍ പഠിക്കുന്നതിനോടൊപ്പം സഹിഷ്ണുത, എളിമ, സേവനമനോഭാവം, തൊഴിലിനോടുള്ള ആഭിമുഖ്യം, സഹജീവിസ്‌നേഹം തുടങ്ങിയ ജീവിതമൂല്യങ്ങളും ശിഷ്യര്‍ ഗുരുകുലങ്ങളില്‍ നിന്ന് അഭ്യസിച്ചിരുന്നു. പിന്നീടിത് പല കാലഘട്ടങ്ങളിലായി കടന്നുപോയി.

അതിൽ ആദ്യത്തേത് ബ്രാഹ്മണകാലഘട്ടം ആണ്. ഇക്കാലത്തെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അറിവുകള്‍ ലഭിക്കുന്നത് ഉപനിഷത്തുകളില്‍ നിന്നാണ്. ഗുരുകുല വിദ്യാഭ്യാസ രീതി തന്നെയാണ് ഇക്കാലത്തും ഉണ്ടായിരുന്നത്. എങ്കിലും പാഠ്യപദ്ധതി തയ്യാറാക്കിയിരുന്നത് ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഓരോ ജാതി വിഭാഗങ്ങള്‍ക്കും നല്‍കിയിരുന്ന വിദ്യാഭ്യാസം അവരുടെ തൊഴിലുകളുമായി ബന്ധപ്പെടുത്തിയിരുന്നു. ശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്.

പിന്നീട് വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതോടെ കൂടുതല്‍ വിദ്യാര്‍ഥികളും കൂടുതല്‍ ഗുരുക്കന്മാരും ഒന്നിച്ചിരുന്ന് പഠനം നടത്തിയിരുന്ന കുലപതി മന്ദിരങ്ങളിലേക്ക് വിദ്യാഭ്യാസം മാറി. തുടര്‍ന്ന് രാജാക്കന്മാരുടെയും പ്രഭുക്കളുടെയും സഹായ സഹകരണത്തോടെ ഭാരതത്തിന്റെ പല ഭാഗങ്ങളിലും വിദ്യാപീഠങ്ങള്‍ എന്നറിയപ്പെടുന്ന സര്‍വകലാശാലകള്‍ ഉയര്‍ന്നുവന്നു. നളന്ദ, തക്ഷശില, വാരാണസി, വിക്രമശില, കാഞ്ചി, ജഗമൂല, നാദിയ, മിഥില, വളഭി തുടങ്ങിയവ ഇത്തരം സര്‍വകലാശാലകൾക്ക് ഉദാഹരണമാണ്.

മുഹമ്മദ് ഗോറി മുതല്‍ ഔറംഗസീബിന്റെ കാലഘട്ടം വരെ (1192 മുതല്‍ 1700 വരെ) ഇന്ത്യയില്‍ ഇസ്ലാമിക വിദ്യാഭ്യാസ കാലഘട്ടമായി കണക്കാക്കുന്നു. മക്താബുകള്‍, മദ്രസ്സകള്‍ എന്നീ കേന്ദ്രങ്ങളില്‍ വെച്ചായിരുന്നു അന്ന് വിദ്യാഭ്യാസം നൽകിയിരുന്നത്. അധ്യാപകർ ‘മൗലവിമാര്‍’ എന്ന് അറിയപ്പെട്ടിരുന്നു. ഇസ്ലാം മതതത്ത്വങ്ങളും ചരിത്രവും നിയമങ്ങളും പഠിപ്പിക്കുക, സദ്സ്വഭാവവും സന്‍മാര്‍ഗശീലവും സ്വായത്തമാക്കുക, ജീവിക്കാനാവശ്യമായ തൊഴിലില്‍ പരിശീലനം നല്‍കുക എന്നിവയായിരുന്നു അക്കാലത്തെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ.

ബ്രാഹ്മണ വിദ്യാഭ്യാസത്തിന്റെ ഒരു പരിഷ്‌കരിച്ച രൂപമായിരുന്നു ബുദ്ധമത കാലഘട്ടത്തെ വിദ്യാഭ്യാസം. ബുദ്ധ വിഹാരങ്ങളിലും മഠങ്ങളിലുമായിരുന്നു ഈ വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്നത്. ബോധന മാധ്യമം പാലി ഭാഷയായിരുന്നെങ്കിലും സംസ്‌കൃത ഭാഷയും ഉപയോഗിച്ചിരുന്നു. ബുദ്ധമത ഗ്രന്ഥങ്ങളുടെ പഠനങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം നൽകിയിരുന്നത്. ഇതോടൊപ്പം വൈദ്യശാസ്ത്രം, യുക്തിവാദം തുടങ്ങിയ വിഷയങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മാനുഷിക മൂല്യങ്ങള്‍ വികസിപ്പിക്കുക, ജീവിത രീതികളില്‍ വിശുദ്ധി പാലിക്കുക തുടങ്ങി സ്വഭാവ രൂപവത്കരണവും യുക്തി ചിന്തയുമൊക്കെ അന്നത്തെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

17-ാം നൂറ്റാണ്ടോടെയാണ് ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്. മതപ്രചാരണം ലക്ഷ്യമാക്കി എത്തിയ ക്രിസ്ത്യന്‍ മിഷണറിമാരാണ് ഇന്ത്യയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി അവര്‍ ഇന്ത്യയിലെങ്ങും ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇടപെടലുകളോടെ ഇന്ത്യയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടുക്കും ചിട്ടയും കൈവന്നു.

നിറത്തിലും രക്തത്തിലും ഇന്ത്യക്കാരായിരിക്കുകയും എന്നാൽ, അഭിപ്രായങ്ങളിലും അഭിരുചികളിലും മൂല്യങ്ങളിലും സദാചാരം, ബുദ്ധി എന്നിവയിലും ഇംഗ്ലീഷുകാരായിരിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരെ വാർത്തെടുക്കാനുള്ള ഒരു വിദ്യാഭ്യാസ മാര്‍ഗരേഖ 1835-ല്‍ മെക്കാളെ പ്രഭു അവതരിപ്പിച്ചു. ഇത് ‘മെക്കാളെ മിനിട്സ് ‘ എന്നറിയപ്പെടുന്നു. ഈ രേഖയെ ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്‌നാകാര്‍ട്ടയായാണ് വിശേഷിപ്പിക്കുന്നത്. ആധുനിക വിജ്ഞാനത്തിന്റെ താക്കോലായ ഇംഗ്ലീഷ് ഭാഷവഴി ഇന്ത്യാരാജ്യത്ത് പുത്തനുണര്‍വുണ്ടാക്കാമെന്ന് അദ്ദേഹം വിശ്വസിച്ചു. മെക്കാളെ മിനുട്‌സോടുകൂടിയാണ് ഇന്ത്യയിലെ വിദ്യാഭ്യാസ രീതിയില്‍ ഇന്നു കാണുന്ന മാറ്റങ്ങളുണ്ടായത്.

Related Topics

Share this story