Times Kerala

ഇന്ത്യയിലെ ഗുരുകുല വിദ്യാഭ്യാസം

 
ഇന്ത്യയിലെ ഗുരുകുല വിദ്യാഭ്യാസം

ഇന്ത്യയിൽ പണ്ട് ഗുരുകുല വിദ്യാഭ്യാസമാണ് നിലനിന്നിരുന്നത്. അധ്യാപനം നടത്തിയിരുന്നവർ ഋഷികളും ഋഷിതുല്യരുമായിരുന്നു. ആധ്യാത്മിക ആചാര്യൻമാരായിരുന്ന അവർ തന്നെയാണ് അധ്യേതാക്കൾക്കു ഭൗതികവിദ്യാഭ്യാസവും നല്കിയിരുന്നത്. വിദ്യാഭ്യാസത്തിന്റെ പരമലക്ഷ്യം അധ്യാത്മജ്ഞാനമാണെന്നും വിജ്ഞാനം അതിലേക്കുള്ള മാർഗങ്ങളാണെന്നും വിശ്വസിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ആധ്യാത്മികാചാര്യന്മാരെ അധ്യാപകരായി സമൂഹം അംഗീകരിച്ചിരുന്നു.

ഇന്ത്യയിൽ ബൗദ്ധ -ജൈനകാലഘട്ടത്തിൽ ഭൗതികവിദ്യാഭ്യാസം നിർവഹിക്കുന്നതിന് ഒരു പ്രത്യേക വർഗം തന്നെ ഉടലെടുത്തു. നളന്ദ, തക്ഷശില മുതലായവ ബൗദ്ധകാലഘട്ടത്തിലെ വിഖ്യാത വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു. ഇന്ത്യയിൽ മുഗൾഭരണകാലത്ത് മദ്രസകളിൽ മതപുരോഹിതന്മാരും മതപണ്ഡിതന്മാരും അധ്യാപനം നടത്തിയിരുന്നു. ശില്പകലയും മറ്റ് കലകളും പ്രായോഗിക പരിശീലനത്തിലൂടെ വിദഗ്ദ്ധൻമാരിൽനിന്ന് അഭ്യസിക്കുവാൻ തുടക്കമിട്ടത് മതശാലകളാണ്. എങ്കിലും വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല.

പിന്നീട് വിദ്യാഭ്യാസം സാർവത്രികമായതോടെയാണ് അധ്യാപകൻ എന്ന ഒരു പുതിയ വർഗം പ്രത്യേകമായി രൂപം കൊണ്ടത്. ക്രമേണ ഒരു അധ്യാപകൻ മാത്രമുള്ള പാഠശാലകൾ ഉണ്ടായി. കുടിപ്പള്ളിക്കൂടങ്ങൾ അഥവാ എഴുത്തുപള്ളികൾ എന്നാണ് കേരളത്തിൽ അവ അറിയപ്പെട്ടിരുന്നത്. ആശാൻ അഥവാ എഴുത്തശ്ശൻ എന്ന പേരിൽ അധ്യാപകൻ അറിയപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിനായി കുട്ടികൾ കൂടുതൽ എത്തിത്തുടങ്ങിയതോടെ അധ്യാപകരുടെ എണ്ണം കൂടുകയും വിദ്യാലയങ്ങൾ സ്ഥാപിതമാകുകയും ചെയ്‌തു. അങ്ങനെ അധ്യാപക സമൂഹവും വികസിതമായി.

Related Topics

Share this story