Times Kerala

തിരുവോണത്തെ വരവേൽക്കാൻ ഉത്രാടദിനം രാത്രിയിൽ ചെയ്യേണ്ട ചടങ്ങുകൾ

 
തിരുവോണത്തെ വരവേൽക്കാൻ ഉത്രാടദിനം രാത്രിയിൽ ചെയ്യേണ്ട ചടങ്ങുകൾ

ഉത്രാടദിനം രാത്രിയിലാണ് തിരുവോണത്തെ വരവേൽക്കാനുള്ള ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. മഹാബലി തമ്പുരാനെ സ്വീകരിച്ച് ഇരുത്താനുള്ള സ്ഥലം വ്യത്തിയാക്കിയ ശേഷം അലങ്കരിക്കുക. പണ്ടൊക്കെ നടുമുറ്റം, കിഴക്കിനി, പടിഞ്ഞാറ്റിനി എന്നീ സ്ഥലങ്ങളിലാണ് ഇത് ചെയ്തിരുന്നത്. ഇന്നത് ഹാള്‍, പൂജാമുറി എന്നി സ്ഥലങ്ങളിലേക്ക് മാറ്റി കിഴക്ക് ഭാഗത്തിന് അഭിമുഖമായി ചെയ്യുന്നു.

പച്ചരി പൊടിച്ച് കലക്കിയെടുത്ത മാവ് ഉപയോഗിച്ച് ചതുരാകൃതിയിലുള്ള സ്ഥലം ഒരുക്കുന്നു. ഇതിലാണ് മാവേലി തമ്പുരാനെ സ്വീകരിച്ച് ഇരുത്തുന്നത്. ഇതിൻ്റെ നടുക്ക് രണ്ട് ആവണ പലകകള്‍ പടിഞ്ഞാറോട്ട് വാൽ വരുന്ന രീതിയിൽ വയ്ക്കുന്നു. തെക്കു വശത്തെ ആവണ പലക മഹാവിഷ്ണുവിനും വടക്ക് വശത്തേത് മഹാബലിക്കും എന്നാണ് സങ്കൽപ്പം. ഇതിന് മുകളിൽ ഓരോ തൂശനില കിഴക്കോട്ട് തലയായി വയ്ക്കുന്നു. ഇലയിൽ മണ്ണ് കൊണ്ട് നിര്‍മ്മിച്ച ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നു. ഓരോ പീഠത്തിലും കിഴക്ക് പടിഞ്ഞാറായി മൂന്ന് എണ്ണം വീതം വയ്ക്കുന്നു. പിന്നീട് മാവ് ഉപയോഗിച്ച് വരച്ച കോലം ഓരോ വശത്തും മൂന്ന് എണ്ണം വരുന്ന രീതിയിലും നടുക്ക് മഹാബലിക്കും മഹാവിഷ്ണുവിനും ഇടയിൽ ഒരെണ്ണം ഉൾപ്പെടെ ആകെ 15 ഓണത്തപ്പന്മാരെ വയ്ക്കുന്നു. 13 ഓണത്തപ്പന്മാര്‍ മഹാബലിയുടെയും മഹാവിഷ്ണുവിൻ്റെയും പരിവാരങ്ങളായാണ് കണക്കാക്കുന്നത്.

ഇത് കൂടാതെ, മുത്തൻ, മുത്തി, ആട്ടുകല്ല്, അമ്മിക്കല്ല്, പിള്ളക്കല്ല്, ചിരവ, ഇവയെല്ലാം മണ്ണുകൊണ്ട് ഉണ്ടാക്കി വയ്ക്കും. എല്ലാ ഓണത്തപ്പന്മാരെയും അരിമാവ് കൊണ്ട് അണിയിച്ചശേഷം പൂ ചൂടിക്കുക. തിരുവോണ നാളിൽ മഹാബലി തമ്പുരാനെ സ്വീകരിക്കാനുള്ള വഴിയും ഭംഗിയായി ഒരുക്കുക. മാവ് ഉപയോഗിച്ചാണ് വഴി അലങ്കരിക്കുന്നത്. പ്രധാന കവാടത്തിനു മുന്നിലുള്ള തുളസിത്തറയ്ക്കു താഴെ മൂന്ന് ഓണത്തപ്പന്മാരെ പ്രതിഷ്ഠിക്കുന്നു. വീടിന് പുറത്തും ഓരോ ഓണത്തപ്പന്മാരെ പ്രതിഷ്ഠിക്കും. വീടിന് പുറത്തുള്ള ഓണത്തപ്പന്മാര്‍ മഹാബലി എഴുന്നള്ളുമ്പോള്‍ വീട്ടുകാരെ അറിയിക്കുന്നു എന്നാണ് സങ്കൽപം.

Related Topics

Share this story